ഈവര്‍ഷം നാല് ലക്ഷത്തിലധികം പേരാണ് വ്യക്തമായ രേഖകളില്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതെന്ന് സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രേഖകളില്ലാത്തവരെ അധികൃതര്‍ ഹജ്ജ് ചെയ്യാന്‍ അനുവദിക്കാറില്ലെന്നും ഇദ്ദേഹം പറഞ്ഞു. അറഫാ കര്‍മ്മങ്ങള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 10 രാജ്യങ്ങളില്‍ നിന്നായി കുറഞ്ഞത് 1081 തീര്‍ത്ഥാടകരെങ്കിലും ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മരിച്ചിട്ടുണ്ടാകുമെന്നാണ് അറബ് നയതന്ത്രജ്ഞര്‍ ബുധനാഴ്ച അറിയിച്ചത്.
മരിച്ചവരില്‍ 660 പേര്‍ ഈജിപ്റ്റ് സ്വദേശികളാണ്. 98 ഇന്ത്യന്‍ പൗരന്മാര്‍, 165 ഇന്തോനേഷ്യക്കാര്‍, 60 ജോര്‍ദാന്‍ പൗരന്‍മാര്‍, 53 ടുണീഷ്യന്‍ സ്വദേശികള്‍, 35 പാക് പൗരന്‍മാര്‍,13 ഇറാഖികള്‍, ഇറാനില്‍ നിന്നുള്ള 11 പേര്‍, സെനഗളില്‍ നിന്നുള്ള 3 പൗരന്‍മാര്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊടും ചൂടില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാതെയാണ് പെര്‍മിറ്റ് ഇല്ലാത്ത തീര്‍ത്ഥാടകര്‍ നടന്നത്. ഇതെല്ലാം മരണനിരക്ക് വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് സൗദി വൃത്തങ്ങള്‍ അറിയിച്ചു.
advertisement
അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുറഞ്ഞ നിരക്കില്‍ ഹജ്ജിന് എത്തിക്കാമെന്ന് ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കാം. ഇതായിരിക്കാം തീര്‍ത്ഥാടകരെ ഇവിടേക്ക് വരാൻ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനം ഒരു ബിസിനസായി കാണുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് ഈജിപ്റ്റിലെ ഒരു ടൂര്‍ കമ്പനി വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ്ജിന് പോകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അറിവില്ലാത്തവര്‍ ഇത്തരം കെണികളില്‍ വീഴുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടപടി കടുപ്പിച്ച് രാജ്യങ്ങള്‍
ഹജ്ജിനിടെ മരിച്ചവരുടെ എണ്ണം ഉയർന്നതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു. ടൂണീഷ്യൻ രാഷ്ട്രപതി രാജ്യത്തെ മതകാര്യ വകുപ്പ് മന്ത്രിയെ പുറത്താക്കിയിരുന്നു. മതിയായ സേവനങ്ങള്‍ ഉറപ്പുവരുത്താതെ തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കുന്ന 16 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയാണ് ഈജിപ്റ്റ് രംഗത്തെത്തിയത്. ഹജ്ജ് പെര്‍മിറ്റ് ഹാജരാക്കാന്‍ കഴിയാത്ത മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് മക്കയിലേക്കുള്ള പ്രവേശം നിഷേധിച്ചിരുന്നുവെന്ന് സൗദി അറേബ്യ വ്യക്തമാക്കുകയും ചെയ്തു.