2018 ഡിസംബറിൽ എൻഎംസി ഹെൽത്ത്കെയറിന് അനുവദിച്ച 50 മില്യൺ ഡോളർ വായ്പയുമായി ബന്ധപ്പെട്ട കേസാണിത്. 83 വയസ്സുള്ള ഷെട്ടി, വായ്പയുടെ വ്യക്തിഗത ഗ്യാരണ്ടിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് ആരോപിച്ചിരുന്നു. മാത്രമല്ല, ഒപ്പിടലിന് സാക്ഷിയായ എസ്ബിഐയുടെ അന്നത്തെ യുഎഇ സിഇഒ അനന്ത ഷേണായിയെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഒപ്പ് വ്യാജമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. എന്നാൽ, ഇതെല്ലാം കളവാണെന്ന് കോടതിയിൽ തെളിഞ്ഞു.
ഒക്ടോബർ എട്ടിനാണ് ഷെട്ടിക്കെതിരെയുള്ള വിധി പുറപ്പെടുവിച്ചത്. ഡിഐഎഫ്സി കോടതിയുടെ വെബ്സൈറ്റിൽ വിധി ലഭ്യമാണ്. ഷെട്ടിയുടെ സാക്ഷ്യത്തെ 'അവിശ്വസനീയ നുണകളുടെ ഘോഷയാത്ര'യെന്നാണ് ജസ്റ്റിസ് ആൻഡ്രൂ മോറാൻ വിമർശിക്കുന്നത്. സെപ്റ്റംബർ 29 ലെ വാദം കേൾക്കലിനിടെ അദ്ദേഹം നൽകിയ തെളിവുകൾ പൊരുത്തമില്ലാത്തതും അസംബന്ധവുമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് വായ്പാ തുകയായ 46 മില്യൺ ഡോളർ എസ്ബിഐക്ക് നൽകാൻ കോടതി ഉത്തരവിട്ടത്.
advertisement
വിധി പുറപ്പെടുവിച്ച തീയതി വരെയുള്ള പലിശയും, പണം അടയ്ക്കുന്നത് വരെ പ്രതിവർഷം 9% അധിക പലിശയും ഉൾപ്പെടെ എസ്‌ബിഐക്ക് 408.5 കോടി രൂപ നൽകാനാണ് ജഡ്ജി ഷെട്ടിയോട് കോടതി നിർദ്ദേശിച്ചത്. വായ്പയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന ഷെട്ടിയുടെ ആദ്യവാദം കോടതി തള്ളി. 2020 മെയ് മാസത്തിൽ അദ്ദേഹം അയച്ച ഒരു ഇമെയിൽ ലഭിച്ചതോടെ വായ്പാ ഇടപാടിനെക്കുറിച്ച് തനിക്ക് അറിയാമെന്ന് സമ്മതിക്കാൻ അദ്ദേഹം നിർബന്ധിതനായി.
ബി ആർ ഷെട്ടിയുടെ ഉയർച്ചയും തകർച്ചയും
മെഡിക്കൽ പ്രതിനിധിയായി ജീവിതം ആരംഭിച്ച ഷെട്ടി, 31-ാം വയസ്സിൽ വെറും 8 ഡോളറുമായി ദുബായിലേക്ക് കുടിയേറിയാണ് യുഎഇയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. യുഎഇയിലെ ആദ്യത്തെ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാവായ എൻഎംസി (NMC) സ്ഥാപിച്ച അദ്ദേഹം പിന്നീട് യുഎഇ എക്സ്ചേഞ്ച്, എൻഎംസി നിയോഫാർമ എന്നിവയും സ്ഥാപിച്ചു.
എന്നാൽ, 2019-ൽ യുഎസ് ഷോർട്ട് സെല്ലറായ മഡ്ഡി വാട്ടേഴ്‌സ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹത്തിന്റെ ബിസിനസ് യാത്രയിൽ വഴിത്തിരിവായി. ഷെട്ടിയുടെ കമ്പനികൾ 1 മില്യൺ ഡോളറിന്റെ കടം മറച്ചുവെച്ചതിനും വ്യാജ സാമ്പത്തിക രേഖകൾ ഉണ്ടാക്കിയതിനും കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് കമ്പനികളുടെ ഓഹരി വില ഇടിയുകയും, 12,478 കോടി രൂപയുടെ ബിസിനസ്സ് തുച്ഛമായ വിലയ്ക്ക് ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കേണ്ടിവരുകയും ചെയ്തു.
2020-ൽ എൻഎംസി ഹെൽത്തിൽ നിന്ന് രാജിവെച്ച ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ യുഎഇ സർക്കാർ മരവിപ്പിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.