തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ ഒരു വര്‍ഷത്തിലേറെയായി കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തി.
മോഷണ വിവരം അറിയിച്ച് ഉടൻ തന്നെ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എട്ട് മണിക്കൂറിനുള്ളില്‍ മൂന്ന് മോഷ്ടാക്കളെയും മോഷണം പോയ വജ്രവും അവര്‍ കണ്ടെത്തി.
മോഷണം നടന്നതെങ്ങനെ? വേഗത്തിൽ മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞതെങ്ങനെ?
മാസങ്ങളോളം ആസൂത്രണം ചെയ്തതിന് ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് ദുബായ് പോലീസ് പറഞ്ഞു.
advertisement
ഒരു ധനികനായ വ്യാപാരിയില്‍ നിന്ന് വജ്രം വാങ്ങുന്നതായി ഇടനിലക്കാരെന്ന വേഷത്തിലാണ് മോഷ്ടാക്കള്‍ എത്തിയത്. അപൂര്‍വ രത്‌നവുമായി യൂറോപ്പില്‍ നിന്നെത്തിയതായിരുന്നു വ്യാപാരി. ഒരു വര്‍ഷത്തിലേറെയായി മോഷണസംഘം പദ്ധതി ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്നും കവര്‍ച്ച നടത്തുന്നതിനായി സൂക്ഷ്മതയോടെ വ്യാപാരിയുടെ വിശ്വാസം വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
''വ്യാപാരിയുടെ വിശ്വാസം നേടിയെടുക്കുന്നതിന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുക്കുകയും ആഢംബര ഹോട്ടലുകളില്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. സമ്പന്നരാണെന്ന് വജ്രവ്യാപാരിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഇത്. ഒടുവില്‍ വ്യാപാരിയുടെ കടയില്‍ നിന്ന് വജ്രം കൈക്കലാക്കുകയായിരുന്നു,'' ദുബായ് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ കല്ല് പരിശോധിക്കാന്‍ അവര്‍ ഒരു വജ്ര വിദഗ്ധനെയും ഏര്‍പ്പെടുത്തി. ഇത്രയുമായപ്പോള്‍ വ്യാപാരി ഇവരെ പൂര്‍ണമായി വിശ്വസിച്ചു തുടങ്ങി. തുടര്‍ന്ന് വജ്രം വില്‍ക്കാന്‍ സമ്മതിക്കുകയായിരുന്നു.
ഇടപാട് അവസാനിപ്പിക്കുകയാണെന്ന വ്യാജേന മോഷ്ടാക്കള്‍ വ്യാപാരിയെ ഒരു വില്ലയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് വ്യാപാരി വജ്രം പുറത്തെടുത്തയുടനെ അവര്‍ അത് തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പോലീസ് മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു. ആഭരണം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയാന്‍ വേണ്ടി 'പിങ്ക് ഡയമണ്ട്' എന്ന പേരിൽ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചു.
മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പോലീസ് അവരുടെ ഓരോ നീക്കവും ട്രാക്ക് ചെയ്യുന്നതിന് നൂതനമായ നിരീക്ഷണ ഉപകരണങ്ങളെയും എഐയെയും ആശ്രയിക്കുന്ന പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി. എട്ട് മണിക്കൂറിനുള്ളില്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും മോഷണം പോയ വജ്രം വീണ്ടെടുക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായ് പോലീസിന്റെ ഇടപെടലുകളുടെ വേഗതയില്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് ജ്വല്ലറി ഉടമ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. "മോഷണം നടന്ന് പിറ്റേദിവസം രാവിലെ തന്നെ അവര്‍ വിളിച്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും വജ്രം കണ്ടെടുത്തതായും അറിയിച്ചു", വ്യാപാരി പറഞ്ഞു.
ആഫ്രിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ തന്ത്രപ്രധാനമായ സ്ഥാനം, കുറഞ്ഞ നികുതി എന്നീ ഘടകങ്ങള്‍ ദുബായിയെ അടുത്തകാലത്ത് ആഗോള വജ്രവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. മോഷ്ടാക്കള്‍ ലക്ഷ്യമിട്ട വജ്രത്തിന് ഏകദേശം 218 കോടി രൂപയാണ് വില. ഇതിന് 21 കാരറ്റിലധികം മൂല്യവുണ്ട്. ഇത് വളരെ അപൂര്‍വമായ വജ്രമാണെന്നും അതുപോലെ മറ്റൊന്ന് കണ്ടെത്താനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.