സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി ദുബായ് ഭരണാധികാരി നിൽക്കുന്ന ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട് സീറ്റിലിരിക്കുന്ന ഭരണാധികാരിയുടെ ചിത്രങ്ങളും വന്നു. ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്.
മുൻപും ദുബായിലെ പൊതുഗതാഗത സംവിധാനം ഷെയ്ഖ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ട്. 2023ൽ ദുബായ് മെട്രോ കാബിനിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2009 സെപ്റ്റംബർ 9ന് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനായി നോൾ കാർഡ് ഉപയോഗിച്ചത് അദ്ദേഹമാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ റെയിൽ ശൃംഖലയാണ് ദുബായ് മെട്രോ, കൂടാതെ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്.
2014ലാണ് ദുബായ് ട്രാമിന്റെ സർവീസ് തുടങ്ങിയത്. ഇതുവരെ 60 മില്യൺ ആളുകൾ ട്രാമിൽ സഞ്ചരിച്ചുവെന്നാണ് കണക്കുകൾ. 42 മിനിറ്റ് നീണ്ടുനിൽക്കുന്ന സർവീസ് അൽ സൗഫോഹ് സ്റ്റേഷനിൽ നിന്നും ജുമൈറ വരെയാണ് ഉള്ളത്. ഇതിനിടയിൽ 11 സ്റ്റേഷനുകളിലൂടെ ട്രാം കടന്നു പോകും.
ഷെയ്ഖ് മുഹമ്മദിന്‌റെ യാത്ര സോഷ്യൽ മീഡിയയിൽ വൈറലായി. "ഇത് വളരെ മികച്ച ഒരു പ്രവൃത്തിയാണ്, കാരണം അദ്ദേഹം യഥാർത്ഥ ലോകവുമായി സമ്പർക്കം പുലർത്തുന്നു, അതിനാൽ അദ്ദേഹത്തിന് ദുബായിലെ പൊതുജനങ്ങളുമായി ബന്ധപ്പെടാൻ കഴിയും. അദ്ദേഹം ഒരു പ്രചോദനവും അത്ഭുതകരമായ നേതാവുമാണ്. ദൈവം അദ്ദേഹത്തിന് കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ വർഷങ്ങൾ നൽകി അനുഗ്രഹിക്കട്ടെ."- ഒരു യൂസര്‍ കുറിച്ചു.
'ഒരു യഥാർത്ഥ നേതാവ്' എന്ന് വേറൊരാൾ കുറിച്ചു. "ലോകത്തിൽ താങ്കളെപ്പോലെ ഒരു നേതാവും ഉണ്ടാകില്ല, ദൈവം ദീർഘായുസ് നൽകട്ടെ'- മറ്റൊരാൾ കമന്റ് ചെയ്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
1949-ൽ ജനിച്ച ഷെയ്ഖ് മുഹമ്മദ് അസാധാരണ നേതൃപാടവം കൊണ്ട് ശ്രദ്ധേയനാണ്. 1971-ൽ പ്രതിരോധ മന്ത്രിയായി, പിന്നീട് ദുബായ് കിരീടാവകാശിയായി സേവനമനുഷ്ഠിച്ചു, 2006ൽ ദുബായ് ഭരണാധികാരിയായി നിയമിതനായി. അതേ വർഷം, അദ്ദേഹം യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി. രാഷ്ട്രീയത്തിന് പുറമേ, കവി, കുതിരസവാരിക്കാരൻ, എമിറാത്തി പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരാൾ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.