കാൽനട യാത്രക്കാർ ക്രോസ് ചെയ്യുന്ന സ്ഥലങ്ങളുടെ സമീപമെത്തുന്ന വാഹനങ്ങളെയും മറ്റ് യാത്രക്കാരെയും കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ സിസ്റ്റത്തിന്റെ എഐ അൽഗോരിതം രൂപകൽപന ചെയ്തിരിക്കുന്നത്. കാൽനടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവർ പെഡസ്ട്രിയൻ ക്രോസിങ്ങിലൂടെ കടന്നുപോകുമ്പോൾ എഐ സാങ്കേതിക വിദ്യ അക്കാര്യം തിരിച്ചറിയും. സൈൻ ബോർഡിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്‌നലുകളും തെളിയും.
യാത്രക്കാർ റോഡു മുറിച്ചു കടക്കാനെടുക്കുന്ന സമയം കണക്കു കൂട്ടാൻ എഐ സാങ്കേതിക വിദ്യക്ക് കഴിയുന്നതിനാൽ അപകടങ്ങൾ പരമാവധി കുറക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ കണ്ടെത്താനും പുതിയ സിസ്റ്റം സഹായിക്കും. ”കാൽനടയാത്രക്കാർ ക്രോസ് ചെയ്യുകയാണെന്നു കാണിക്കുന്ന അടയാളങ്ങൾ, റോഡിലെ സിഗ്നൽ ലൈറ്റുകൾ, ട്രാഫിക് സിഗ്നൽ കൺട്രോളറുകൾ എന്നിവയെല്ലാം ട്രാക്ക് ചെയ്യാൻ ഈ സംവിധാനത്തിനു കഴിയും. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയാനും സാധിക്കും”, ദുബായ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
advertisement
യാത്രക്കാർക്ക് റോഡ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സുരക്ഷാ പ്രശ്‌നങ്ങളിലും ട്രാഫിക് പ്രകടനങ്ങളിലും ബന്ധപ്പെട്ട അധികൃതരുടെ പ്രതികരണം തേടുന്നതിനും ഡാറ്റ ശേഖരിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യ സഹായിക്കും. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിനു (Dubai 2040 Urban Master Plan) കീഴിലാണ് പദ്ധതി രൂപകൽപന ചെയ്തതെന്ന് ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺ അതോറിറ്റി ചീഫ് ഓഫീസർ മുഅമ്മർ അൽ കത്തീരി പറഞ്ഞു. നവീകരണം, സുരക്ഷ, സുസ്ഥിരത എന്നിവയാണ് കാൽനടയാത്രക്കാർക്കായി അവതരിപ്പിച്ച ഈ എഐ നിയന്ത്രിത ക്രോസിങ്ങ് സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.