യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് നീട്ടിവെച്ച സംഭവം കേന്ദ്ര സർക്കാരും സ്ഥിരീകരിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് വധശിക്ഷ മാറ്റിവയ്ക്കാൻ തീരുമാനമായതെന്ന് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ജയിൽ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെട്ടെന്നും കേന്ദ്രം അറിയിച്ചു. ആക്ഷൻ കൗൺസിലായിരുന്നു വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതായി അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചർച്ചകൾ നടന്നിരുന്നതാണ്.
Also Read : Nimishapriya| ആശ്വാസം! നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു
advertisement
യെമനിലെ പ്രമുഖ സൂഫി വര്യൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായി ചർച്ച നടത്തിയിരുന്നു. തലാലിന്റെ നാടായ ദമാറിലാണ് ചർച്ച നടന്നത്. കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം യെമൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി ശിക്ഷാ നടപടി മാറ്റിവക്കാനായടി നടത്തിയ അടിയന്തര ഇടപെടലാണ് ഫലം കണ്ടത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.