2014ൽ ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ഘട്ടം മുതൽ തന്നെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാൻ മോദി ശ്രമം തുടങ്ങിയിരുന്നു. ഇന്ത്യയുടെ വിദേശ, പ്രതിരോധ നയങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്ക് വലിയ പ്രാധാന്യം കൈവന്നതായി ദക്ഷിണ മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രതിരോധ വിഷയങ്ങളിൽ ഗവേഷകനായ വിരാജ് സോളങ്കി എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ഊർജ്ജം, വ്യാപാരം, പ്രവാസം തുടങ്ങിയ മേഖലകളിൽ മാത്രമാണ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് രാഷ്ട്രീയ വിഷയങ്ങളിലേക്കും നിക്ഷേപത്തിലേക്കും പ്രതിരോധ സുരക്ഷാ സഹകരണത്തിലേക്കുമെല്ലാം മാറിയിരിക്കുകയാണ്.
advertisement
2015ൽ നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനം 34 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു. ഈയടുത്ത് യുഎഇയിലും അദ്ദേഹം സന്ദർശനം നടത്തി. പ്രധാനമന്ത്രി ആയ ശേഷം ഗൾഫിൽ മോദി സന്ദർശിക്കുന്ന ഏഴാമത്തെ രാജ്യമായിരുന്നു യുഎഇ.
ഗൾഫ് സാമ്പത്തിക മേഖലയെ ഉയരത്തിലെത്തിക്കുന്നതിൽ ഇന്ത്യൻ ജനതയ്ക്ക് വലിയ പങ്കുണ്ട്. ഏകദേശം 8.8 മില്യൺ ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഗൾഫ് കോർപ്പറേഷൻ കൗണ്‍സില്‍ അഥവാ ജിസിസി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ്. 2022-23 വർഷത്തെ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിൻെറ 15.8 ശതമാനവും ജിസിസിയുമായി ബന്ധപ്പെട്ടാണ് നടന്നത്. യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് 11.6 ശതമാനം വ്യാപാരമാണ് നടന്നത്.
അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെ വ്യാപാര പങ്കാളിയെന്ന നിലയിൽ യുഎഇയ്ക്ക് മൂന്നാം സ്ഥാനവും സൗദി അറേബ്യയ്ക്ക് നാലാം സ്ഥാനവുമുണ്ട്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപവും ഗണ്യമായി വർധിച്ചിട്ടുണ്ട്.
സൗദി അറേബ്യ 100 മില്യൺ ഡോളറിൻെറയും യുഎഇ 75 ബില്യൺ ഡോളറിൻെറയും നിക്ഷേപമാണ് ഇന്ത്യയിൽ നടത്താൻ പോവുന്നത്. ഇന്ത്യയിൽ വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ഏഴാം സ്ഥാനത്തുള്ളത് യുഎഇയാണ്. നിലവിൽ 15.3 ബില്യൺ ഡോളർ നിക്ഷേപം യുഎഇയ്ക്ക് ഇന്ത്യൻ വിപണിയിലുണ്ട്. സൗദി അറേബ്യ 3.2 ബില്യൺ ഡോളറും ഖത്തർ 1.5 ബില്യൺ ഡോളറും നിക്ഷേപം കഴിഞ്ഞ വർഷം നടത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൾഫ് നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധവും കൂടുതൽ ദൃഢമായിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. മോദി മൂന്നാമതും പ്രധാനമന്ത്രിയായതോടെ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാകുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.