2024ലെ കണക്കനുസരിച്ച് 24 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് സൗദിയില്‍ താമസിക്കുന്നത്. ഇതില്‍ 16 ലക്ഷം പേര്‍ സ്വകാര്യ മേഖലയിലും 7.85 ലക്ഷം പേര് വീട്ടുജോലിയിലുമാണ് ഉള്ളത്. സൗദിയില്‍ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസികളാണ്. സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് മന്ത്രാലയ വക്താവ് പറഞ്ഞു.
'സമഗ്രമായ പരിഷ്‌കാരങ്ങള്‍, ജോലി സ്ഥലത്തുനിന്നുള്ള പിന്തുണ, നൈപുണ്യ വികസനത്തിലെ നിക്ഷേപം എന്നിവ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സ്വാഗതാര്‍ഹമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു,' വക്താവ് കൂട്ടിച്ചേര്‍ത്തു. 'സ്ത്രീകള്‍ക്കു മാത്രമുള്ള ഗതാഗതസംവിധാനവും ശിശുസംരക്ഷണ മാര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തൊഴില്‍ തേടുന്ന ഇന്ത്യന്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു. പ്രൊഫഷണലും വ്യക്തിപരവുമായ ആഗ്രഹങ്ങള്‍ അവര്‍ പിന്തുടരുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കുന്നു,' പിടിഐയോട് വക്താവ് പറഞ്ഞു.
advertisement
സൗദി അറേബ്യ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒട്ടേറെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'റിക്രൂട്ട്‌മെന്റ് സമയത്ത് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും, വിവരകൈമാറ്റം, സംയുക്തമായ അന്വേഷണങ്ങള്‍, നിര്‍ബന്ധിത സേവനം ചെറുക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി സൗദി ഉഭയകക്ഷി കരാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
'വേതനം, കരാര്‍ വ്യവസ്ഥകളുടെ ലംഘനം, അല്ലെങ്കില്‍ മോശമായ പെരുമാറ്റം എന്നിവ സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ മുസനെദ്, ക്വിവ പ്ലാറ്റ്‌ഫോമുകള്‍ തൊഴിലാളികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ തൊഴില്‍ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, തൊഴില്‍ ശക്തിയില്‍ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ രാജ്യത്ത് സ്ത്രീകളുടെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ കാരണമായതായും പറഞ്ഞു.
2024ന്റെ രണ്ടാം പാദത്തോടെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 12.8 ശതമാനമായി കുറഞ്ഞു. ആദ്യ പാദത്തില്‍ ഇത് 14.2 ശതമാനമായിരുന്നു. 2023ലെ സമാനകാലയളവിനെ അപേക്ഷിച്ച് ഇത് 1.4 ശതമാനം കുറവാണ്. അടുത്തകാലത്ത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസി തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ തൊഴില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതായും വക്താവ് അറിയിച്ചു.
'ഈ പരിഷ്‌കാരങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സൗദിയുടെ നയങ്ങളും സമ്പ്രദായങ്ങളും അന്തര്‍ദേശീയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനുമായി ഞങ്ങള്‍ക്ക് ശക്തമായ ബന്ധമാണ് ഉള്ളത്,' അദ്ദേഹം പറഞ്ഞു. ലൈസന്‍സുള്ള ഏജന്‍സികള്‍ വഴി ഘടനാപരവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി 2014ലാണ് സൗദി മുസനേദ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളം ട്രാക്ക് ചെയ്യുന്നതിനും ഏതെങ്കിലും തൊഴില്‍ ലംഘനങ്ങള്‍ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ടു ചെയ്യാനും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് മുസനെദ് പ്ലാറ്റ്‌ഫോം നടപ്പാക്കിയത്. പതിന്നാലോളം സേവനങ്ങളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും സൗദി അറേബ്യ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ അവരുടെ തൊഴില്‍കാലത്ത് മുഴുവനും ആവശ്യമായ ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നു.