എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സാമൂഹിക ചെലവുകള്‍ സംരക്ഷിക്കുകയുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാന്‍ സാമ്പത്തിക മന്ത്രി സെയ്ദ് ബിന്‍ മുഹമ്മദ് അല്‍ സഖ്രി പറഞ്ഞു. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ആറ് രാജ്യങ്ങളില്‍ ഒരു അംഗവും ഇതുവരെ ആദായനികുതി ചുമത്തിയിരുന്നില്ല. ഇത് ഈ മേഖലയിലെ ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ആദായനികുതി ഈടാക്കാത്തതിനാല്‍ വര്‍ഷങ്ങളോളമായി ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിദേശ തൊഴിലാളികളെ ഈ മേഖല ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ ഒമാന്റെ തീരുമാനം നിര്‍ണായകമാകും.
advertisement
''സാധ്യതകള്‍ കുറവാണെങ്കിലും ഗള്‍ഫ് മേഖലയില്‍ വരാൻ പോകുന്ന ഒരു പ്രധാന സാമ്പത്തിക പരിഷ്‌കരണമായി ഇത് നിലകൊള്ളും,'' അബുദാബി കൊമേഷ്യല്‍ ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് മോണിക്ക മാലിക് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. ''മത്സരക്ഷമത നിലനിര്‍ത്തിക്കൊണ്ട് തന്നെ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ഒമാൻ മുന്നോട്ട് പോകുകയാണ്. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ഈ മേഖലയിലേക്ക് മാറുന്ന സമയമാണിത്,'' അവര്‍ പറഞ്ഞു.
മിക്ക ജിസിസി രാജ്യങ്ങള്‍ക്കും ശക്തമായ സാമ്പത്തിക അടിത്തറയുണ്ടെങ്കിലും ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള ആഗോള ആവശ്യകത കുറയുന്നതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് വരുമാന മാര്‍ഗമായി നികുതി ഏർപ്പെടുത്തിയേക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞിട്ടുണ്ട്.
മറ്റ് രാജ്യങ്ങളെപ്പോലെ എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറക്കാന്‍ ഒമാനും പരിഷ്‌കാരങ്ങള്‍ നടത്തി വരികയാണ്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഊര്‍ജ കമ്പനിയുടെ പര്യവേഷണ, ഉത്പാദന യൂണിറ്റിന്റെ ഐപിഒയിലൂടെ (Initial Public Offering) രണ്ട് ബില്ല്യണ്‍ ഡോളര്‍ ഒമാന്‍ സ്വരൂപിച്ചിരുന്നു. ഒമാന്റെ ആദായനികുതി ഭാവിയില്‍ മറ്റ് ജിസിസി രാജ്യങ്ങള്‍ക്കും നികുതി സമ്പ്രദായം നടപ്പാക്കുന്നതിന് ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്നും മാലിക് പറഞ്ഞു.