ഗുണമേന്മ നോക്കാതെ പഴയ വസ്ത്രങ്ങൾ, ഷൂസ്, ബാഗുകൾ, ബെഡ് ഷീറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവ പുനരുപയോഗത്തിനായി സംഭാവന ചെയ്യാം. പിക്ക്-അപ്പിന്റെ സമയത്ത് തൂക്കി നോക്കി അതിനനുസരിച്ച് ഉപഭോക്താക്കൾക്ക് പണമോ കൂപ്പണുകളോ പകരം ലഭിക്കും. ഇതിനായി യുഎഇയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് www.kiswauae.com എന്ന വെബ്സൈറ്റിലൂടെ അവരുടെ സാധനങ്ങൾ കൈമാറാനായി അപേക്ഷിക്കാം. അല്ലെങ്കിൽ 0569708000 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ടും അപേക്ഷിക്കാം. തുടർന്ന് കിസ്വ പ്രതിനിധികൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വീട്ടിലെത്തി വസ്ത്രങ്ങൾ ശേഖരിക്കും.
advertisement
"ഞങ്ങൾ ആൾക്കാരിൽ നിന്ന് പഴയ വസ്ത്രങ്ങൾ വാങ്ങുകയും റീസൈക്ലിങിനായി അയയ്ക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ കുറയ്ക്കാനും മലിനീകരണം തടയാനും പ്രോത്സാഹിപ്പിക്കുന്നതിനായി വസ്ത്രങ്ങൾ നൽകുന്നവർക്ക് പ്രതിഫലവും നൽകുന്നു. അവയിലെ നല്ല വസ്ത്രങ്ങൾ പിന്നീട് വിദേശത്ത് വിൽക്കും. മറ്റുള്ളവ ഫർണിച്ചറുകൾ, കർട്ടനുകൾ എന്നിവ നിർമ്മിക്കാനായി റീസൈക്കിൾ ചെയ്യുന്നു", കിസ്വ യുഎഇയുടെ വക്താവായ സെഹാം അല്ലം വിശദീകരിച്ചു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ പരിസരത്ത് ഒരു കണ്ടെയ്നർ സ്ഥാപിക്കാൻ ഓർഡർ ചെയ്യാം. ജീവനക്കാർക്ക് അവരുടെ ഉപയോഗിച്ച വസ്ത്രങ്ങൾ ആ കണ്ടെയ്നറിൽ നിക്ഷേപിക്കാം. കഴിഞ്ഞ നാല് മാസത്തിനിടെ, കിസ്വ യുഎഇ 424,100 വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്തു. ഏകദേശം 20 ഡ്രൈവർമാരുടെ സഹായത്തോടെ ഒരു ദിവസം 300-ലധികം പിക്ക്-അപ്പ് ഓർഡറുകൾ നിലവിൽ എടുക്കുന്നുണ്ട്. ശേഖരിച്ച വസ്ത്രങ്ങൾ ഒരു സംഘം ജീവനക്കാർ യുഎഇയിലെ മൂന്ന് വെയർഹൗസുകളിലായി തരംതിരിച്ച് സൂക്ഷിക്കുന്നു.
"ശേഖരിച്ച വസ്ത്രങ്ങളുടെ 10 ശതമാനം ചാരിറ്റിക്ക് നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. യുഎഇയിൽ പാരിസ്ഥിതിക അവബോധം വളർത്താനും മലിനീകരണം കുറയ്ക്കുക വഴി സുസ്ഥിര ജീവിതം നയിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. യുഎഇ സമൂഹത്തിൽ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനുള്ള മനോഭാവം വളർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു", അല്ലം പറഞ്ഞു.
ആഗോളതലത്തിൽ, ആളുകൾ പ്രതിവർഷം 92 ദശലക്ഷം ടൺ ടെക്സ്റ്റൈൽ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. വസ്ത്രത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ 12 ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. ഈ മാലിന്യങ്ങൾ മണ്ണിലടിയാൻ 40 വർഷം വരെ എടുക്കുമെന്ന് അല്ലം സൂചിപ്പിച്ചു.
2009 മുതൽ സൗദി അറേബ്യ, തുർക്കി, ജർമ്മനി, പാകിസ്ഥാൻ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള സേവനങ്ങൾ നിലവിലുണ്ട്. ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ഈ രീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.