കഴിഞ്ഞദിവസം ഇന്ത്യ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് അനുകൂലമായി സംസാരിക്കാൻ ഇസ്‌ലാമിക രാഷ്ട്രങ്ങളൊന്നും രംഗത്തുവന്നിരുന്നില്ല. സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്റെ സന്ദേശവുമായി വിദേശമന്ത്രി ആദിൽ അൽ ജുബൈർ വ്യാഴാഴ്ച ഇസ്ലാമബാദ് സന്ദർശിച്ചിരുന്നു. പാക് വാദങ്ങളോട് സൗദി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന. ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സൗദി കിരീടാവകാശിയുടെ സന്ദേശമായി പാകിസ്താന് കൈമാറിയതെന്നാണ് നിഗമനം. ഉറ്റസുഹൃത്‌രാഷ്ട്രമായ സൗദി അറേബ്യയുടെ നിലപാട് എതിരായതും വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കാനുള്ള തീരുമാനത്തിൽ നിർണായകമായെന്നാണ് വിവരം.
advertisement
ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ കശ്മീരും ചർച്ചാവിഷയമാകും. കശ്മീർ സമ്മേളനത്തിന്റെ കാര്യപരിപാടിയിലുണ്ട്. എന്നാൽ പലസ്തീനുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസഫ് അൽ ഒതൈമീൻ പറഞ്ഞു. യുഎഇ വിദേശമന്ത്രി ഷേഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഒഐസിയുമായി നല്ലബന്ധമാണ് ഇന്ത്യക്കുള്ളത്. ലോകത്തിലെ മൂന്നാമത്തെ മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യയെ അതിഥിയാക്കുന്നത് തടയാൻ പാകിസ്താൻ സാധ്യമായ എല്ലാ ശ്രമവും നടത്തിയിരുന്നു. 18.5 കോടി മുസ്ലിം ജനതയ്ക്കുള്ള അംഗീകാരമാണ് ഇന്ത്യക്കുള്ള ക്ഷണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.