വലിയ തുക നിക്ഷേപമായി നൽകിയാൽ മാത്രമാണ് ഇതുവരെ വരെ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നത്. കുറഞ്ഞത് രണ്ട് മില്ല്യണ്‍ യുഎഇ ദിനാര്‍(4.66 കോടി രൂപ) നിക്ഷേപം നടത്തേണ്ടിയിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ അപേക്ഷകരെ നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. അവരുടെ പ്രൊഫഷണല്‍ ചുറ്റുപാട്, സമൂഹത്തിന് നല്‍കിയ സംഭാവനകള്‍, യുഎഇയുടെ സംസ്‌കാരം, വ്യാപാരം, ശാസ്ത്രം, സ്റ്റാര്‍ട്ടപ്പ്, സാമ്പത്തിക മേഖലകളില്‍ സാധ്യതയുള്ള നേട്ടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നാമനിര്‍ദേശം നല്‍കാനും അംഗീകരിക്കാനും കഴിയും.
ഈ സംവിധാനത്തിന്റെ പരീക്ഷണാർത്ഥം ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് നടപ്പിലാക്കുന്നത്. ആദ്യ മൂന്ന് മാസത്തിനുള്ളില്‍ 5000 ഇന്ത്യക്കാര്‍ ഇത് സ്വന്തമാക്കുമെന്ന് കരുതുന്നതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
advertisement
ഇന്ത്യയില്‍ ഈ പദ്ധതിയുടെ പരീക്ഷണാർത്ഥം നടപ്പിലാക്കാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റയാദ് ഗ്രൂപ്പിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിഎഫ്എസ്, വണ്‍ വാസ്‌കോ എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും കോള്‍ സെന്ററിലൂടെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.
ഇന്ത്യക്കാര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണെന്ന് റയാദ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ റയാദ് കമാല്‍ അയൂബ് പറഞ്ഞു. അപേക്ഷകരുടെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച പരിശോധനയും ക്രിമിനല്‍ പശ്ചാത്തലവും സോഷ്യല്‍ മീഡിയയും പരിശോധിച്ച് ഉറപ്പിച്ചശേഷമേ വിസ നല്‍കൂവെന്നും അദ്ദേഹം വിശദീകരിച്ചു.
അന്തിമ തീരുമാനം യുഎഇ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് കുടുംബാംഗങ്ങളെയും ജീവനക്കാരെയും യുഎഇയിലേക്ക് ഒപ്പം കൊണ്ടുവരാവുന്നതാണ്. കൂടാതെ ബിസിനസ്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അനുമതിയുണ്ടാകും.
പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്ക് ശേഷം കാലഹരണപ്പെടുന്ന പ്രോപ്പര്‍ട്ടി അധിഷ്ഠിത വിസകളില്‍ നിന്ന് വ്യത്യസ്തമായി നോമിനേഷന്‍ അധിഷ്ഠിത ഗോള്‍ഡന്‍ വിസ ശാശ്വതമാണ്. ഇന്ത്യയുമായുള്ള യുഎഇയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും തന്ത്രപരവുമായ ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. 2022ല്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ(CEPA)ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. അടുത്ത ഘട്ടങ്ങളില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.