TRENDING:

ലോകത്തുള്ള ഈ കോടീശ്വരന്മാരെല്ലാം ദുബായിലേക്ക് ഒഴുകാൻ കാരണമെന്ത്

Last Updated:

ലോകത്തിലെ അതിസമ്പന്നരെ ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നായി ദുബായ് വളര്‍ന്നുവരികയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു കാലത്ത് ഷോപ്പിംഗിനും ആഡംബര അനുഭവങ്ങള്‍ക്കുമുള്ള അവധിക്കാല ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ദുബായ്. ഇപ്പോള്‍ സമ്പന്നരുടെ ഇഷ്ട താവളമായി മാറിയിരിക്കുകയാണ്. ലോകത്തിലെ അതിസമ്പന്നരെ ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നായി ദുബായ് വളര്‍ന്നുവരികയാണ്. സ്ഥിരതാമസത്തിനും ജീവിതം കെട്ടിപ്പടുക്കാനും ലോകത്തിലെ കോടീശ്വരന്മാര്‍ തിരഞ്ഞെടുക്കുന്ന ഒരിടമായി ദുബായ് മാറിക്കഴിഞ്ഞു.
News18
News18
advertisement

എന്തുകൊണ്ടായിരിക്കും കോടീശ്വരന്മാര്‍ ദുബായിലേക്ക് ഒഴുകിയെത്തുന്നത്. അവരെ ആകര്‍ഷിക്കുന്ന നിരവധി സവിശേഷതകള്‍ പറയാനുണ്ട് ഈ നഗരത്തിന്.

ആദായ നികുതിയില്ല എന്നതുതന്നെയാണ് ദുബായി നഗരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാഷ്ട്രീയം സുസ്ഥിരമാണ്, കുറ്റകൃത്യങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ഒരു ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യുന്നതും വളരെ ലളിതമാണ്. അതിനുപുറമേ ഇവിടെ ആഡംബരം എന്നത് ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.

ഈ കണക്കുകള്‍ ദുബായിലേക്കുള്ള കോടീശ്വരന്മാരുടെ കുടിയേറ്റത്തിന്റെ കഥ പറയും.

അഡ്വൈസറി സംരംഭമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ കണക്കുപ്രകാരം ഏകദേശം 9,800 കോടീശ്വരന്മാരെ ദുബായ് ഈ വര്‍ഷം ആകര്‍ഷിക്കും. ഇത് ലോകത്തിലെ മറ്റേത് രാജ്യത്തേക്കുള്ള സമ്പന്നരുടെ കൂടിയേറ്റത്തേക്കാളും കൂടുതലാണ്.

advertisement

ദുബായില്‍ ഇതിനോടകം 81,200 ലക്ഷാധിപതികളും 20 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്ക്. ലോകത്തിലെ സമ്പന്നര്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 20 നഗരങ്ങളില്‍ ഒന്നായി ദുബായ് മാറികഴിഞ്ഞു. എന്നാല്‍ ലോകത്തെ അതിശയിപ്പിക്കുന്ന രീതിയില്‍ ദുബായിലേക്കുള്ള സമ്പന്നരുടെ ഒഴുക്ക് കൂടുകയാണ്.

ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 2024-ല്‍ 1,34,000 കോടീശ്വരന്മാര്‍ അതിര്‍ത്തികടന്ന് പലായനം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഈ കുടിയേറ്റം 1,42,000-ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വ്യക്തികളില്‍ വെറും അഞ്ച് ശതമാനം പേര്‍ ദുബായ് തിരഞ്ഞെടുത്താല്‍ പോലും ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 7,100 പുതിയ കോടീശ്വരന്മാര്‍ ഉണ്ടാകും.

advertisement

ആളുകളുടെ താമസമാറ്റത്തെ കുറിച്ച് മാത്രമല്ല ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരുടെ അളവറ്റ സമ്പത്തുകൂടിയാണ് ദുബായ് നഗരത്തിന് കരുത്താകുന്നത്. ഈ സമ്പത്തിന്റെ ഒഴുക്ക് ദുബായ് സമ്പദ്‍വ്യവസ്ഥയില്‍ 7.1 ബില്യണ്‍ ഡോളറിലധികം (26 ബില്യണ്‍ ദിര്‍ഹം) നിക്ഷേപം കൂട്ടിച്ചേര്‍ക്കുമെന്നാണ് വിശകലന വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് 2024-ല്‍ യുഎഇയിലെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഏകദേശം പകുതിയോളം വരുമെന്ന് ഗള്‍ഫ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ സമ്പത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറിയതായി ബെറ്റര്‍ഹോംസ് സിഇഒ ലൂയിസ് ഹാര്‍ഡിംഗ് പറഞ്ഞു. സ്ഥാപകരും ഓപ്പറേറ്റര്‍മാരും വിവിധ തലമുറയില്‍പ്പെട്ട കുടുംബങ്ങളും നഗരത്തിലേക്ക് ചേക്കേറുന്നുവെന്നും ഇവിടെ സ്ഥിരതാമസമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

സമ്പന്നര്‍ ദുബായ് തിരഞ്ഞെടുക്കുന്നതിന്റെ കാരണം  

ഈ കുടിയേറ്റത്തിന്റെ പ്രധാന ആകര്‍ഷണം ദുബായില്‍ ആദായ നികുതിയില്ല എന്നതാണ്. ഇന്ന് പല സര്‍ക്കാരുകളും സമ്പത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തവും കർശനവുമാക്കുമ്പോൾ ഈ ഇളവ് ഒരു അപൂര്‍വതയാണ്. തന്റെ പല ക്ലൈന്റുകളും അവരുടെ മാതൃരാജ്യത്തെ വിജയം ഒരു ബാധ്യതയായി മാറിയിരിക്കുന്നതായി പറയുന്നുവെന്ന് സ്‌കൈബൗണ്ട് വെല്‍ത്ത് മാനേജ്‌മെന്റിന്റെ തലവനായ മൈക്ക് കോടി പറഞ്ഞു.

അവര്‍ക്ക് അവിടെ കൂടുതല്‍ നികുതി ചുമത്തുന്നുവെന്നും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ദുബായില്‍ സമ്പത്ത് മറച്ചുവെക്കപ്പെടുന്നില്ല. അത് സാധാരണവല്‍ക്കരിക്കപ്പെടുന്നു. സമ്പന്നര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

ഗോള്‍ഡന്‍ വിസ പദ്ധതിയും സമ്പന്നരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. സമ്പന്നരോ വൈദഗ്ദ്ധ്യമുള്ളവരോ ആയ വിദേശികള്‍ക്ക് 10 വര്‍ഷത്തെ റെസിഡന്‍സി വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും നഗരത്തില്‍ വേരൂന്നാന്‍ അവസരം നല്‍കുന്നു. ലോകത്ത് മറ്റെവിടെയും കണ്ടെത്താന്‍ കഴിയാത്ത അവസരമാണിത്.

ദുബായില്‍ ബിസിനസും എളുപ്പത്തില്‍ നടത്താനാകുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ബിസിനസ് തുടങ്ങാൻ തടസങ്ങള്‍ വളരെ കുറവാണെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിലെ ഫിലിപ്പ് അമരാന്റെ പറഞ്ഞു. തങ്ങള്‍ ബിസിനസിനായി വിപണി തുറന്നിട്ടിരിക്കുന്നുവെന്ന യുഎഇയുടെ വ്യക്തമായ സന്ദേശവും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിയല്‍ എസ്റ്റേറ്റ് രംഗമാണ് ദുബായ് നഗരത്തിന്റെ മറ്റൊരു ആകര്‍ഷണം. ദുബായിയുടെ ആഡംബര പ്രോപ്പര്‍ട്ടി വിപണി കുതിച്ചുയരുകയാണ്. 2024-ല്‍ 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ വിലയുള്ള 435 വീടുകള്‍ വിറ്റഴിക്കപ്പെട്ടു. ലണ്ടനിലും ന്യൂയോര്‍ക്കിലുമുള്ള മൊത്തം വില്‍പ്പനയേക്കാള്‍ കൂടുതലാണിത്. മൊണാക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് പോലുള്ള യൂറോപ്യന്‍ കേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദുബായ് ഇപ്പോഴും താങ്ങാനാകുന്ന വില നിലവാരത്തിലാണെന്ന് തോന്നുന്നു.

മൊണാക്കോയില്‍ നിന്നോ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നോ വരുന്നവര്‍ ദുബായില്‍ 100 മില്യണ്‍ ഡോളറിന് അപ്പാര്‍ട്ട്‌മെന്റ് നോക്കുന്നു. എന്നാല്‍ ആ വിലയ്ക്ക് അവര്‍ക്ക് നഗരത്തില്‍ ഒരു മുഴുവന്‍ കെട്ടിടം തന്നെ വാങ്ങാനാകുമെന്ന് നൈറ്റ് ഫ്രാങ്കിലെ ഫൈസല്‍ ദുറാനി പറഞ്ഞു.

മറ്റൊരു നഗരത്തിനോടും സാമ്യപ്പെടുത്താനാകാത്ത ജീവിതശൈലി ദുബായ് വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്നതലത്തിലുള്ള സ്‌കൂളുകള്‍, ലോകോത്തര ആരോഗ്യ സംരക്ഷണം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ആഗോള നഗരങ്ങളില്‍ വളരെ അപൂര്‍വമായി കാണുന്ന സുരക്ഷിതത്വബോധം എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ദുബായ് ഒരുക്കുന്നുണ്ട്.

യുഎഇയിലേക്ക് പോയ ശേഷം തന്റെ കുടുംബത്തിന് നാട്ടില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച ജീവിതം അതേ തുകയ്ക്ക് ആസ്വദിക്കാനായെന്ന് യുഎസില്‍ നിന്ന് താമസം മാറിയ പാഡ്‌കോ റിയല്‍ എസ്‌റ്റേറ്റ് സിഇഒ മാക്‌സ് മാക്‌സ് വെല്‍ പറഞ്ഞു.

ദുബായിയുടെ മറുവശം 

വര്‍ഷങ്ങളായി അമിത സമ്പത്തിന്റെ പ്രദര്‍ശനങ്ങളുടെ പര്യായമായി ദുബായ് മാറിയിരിക്കുന്നു. ഇന്‍ഡോര്‍ സ്‌കീ ഏരിയ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിറഞ്ഞ ഒരു കൃത്രിമ ദ്വീപ് എന്നിവ ഇവിടെ ഉണ്ട്.

കുറഞ്ഞ വേതനമുള്ള കുടിയേറ്റ തൊഴിലാളികളുടെ സൈന്യമാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നതിനാല്‍ സമ്പന്നര്‍ക്കായി ലോകത്തിലെ മുന്‍നിര കേന്ദ്രമായി നഗരം അതിവേഗം വികസിക്കുന്നത് കടുത്ത അസമത്വങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സംഭവങ്ങളിലും യുഎഇ ആഗോളതലത്തില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. 2022-ല്‍ ഇത് സാമ്പത്തിക ഗ്രേ ലിസ്റ്റില്‍ ഇടം നേടി. അതിനുശേഷം അധികാരികള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. എന്നിരുന്നാലും ഇതൊന്നും സമ്പന്നരുടെ ഒഴുക്കിനെ തടസപ്പെടുത്തിയില്ല.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തുള്ള ഈ കോടീശ്വരന്മാരെല്ലാം ദുബായിലേക്ക് ഒഴുകാൻ കാരണമെന്ത്
Open in App
Home
Video
Impact Shorts
Web Stories