പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും അവരെ പിന്തുണയ്ക്കുന്നവരും തങ്ങളുടെ ട്രാക്ടറുകളിൽ എത്തുകയും പ്രതിഷേധിക്കാനായി തെരുവിലിറങ്ങുകയും ചെയ്യുന്നത് വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞയാഴ്ച പ്രതിഷേധം നടത്തുന്നിതിനിടെ, ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചതായി കർഷകർ ആരോപിച്ചിരുന്നു. എന്നാൽ, ഗതാഗതം സുഗമമാക്കാനായി ഹൈവേ ക്ലിയർ ചെയ്യണമെന്നും അതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടെന്നും പോലീസ് പറയുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പോലീസ് തങ്ങളുടെ അടിച്ചമർത്തലിനെ ന്യായീകരിക്കുകയാണ് എന്നാണ് സമരക്കാരുടെ പക്ഷം. ഭരണകൂടം പരമാവധി സംയമനം പാലിക്കണമെന്നും ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള അവസാന വഴിയായി മാത്രമേ ബലപ്രയോഗം നടത്താവൂ എന്നും കോടതി പ്രത്യേകം മുന്നറിയിപ്പ് നൽകിയിരുന്നു.
advertisement
സൂര്യകാന്തി വിത്തുകൾ സർക്കാർ മിനിമം താങ്ങുവില നൽകി സംഭരിക്കണമെന്ന ആവശ്യവുമായി കർഷകർ കഴിഞ്ഞയാഴ്ച ഡൽഹി-ചണ്ഡീഗഡ് ദേശീയ പാതയും ആറ് മണിക്കൂറിലധികം ഉപരോധിച്ചിരുന്നു. കർഷകർ റോഡുകളിൽ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കരുത് എന്നും ഹൈവേകൾ ഉപരോധിക്കരുത് എന്നും മുന്നറിയിപ്പു നൽകി കർഷക നേതാവ് രാകേഷ് ടികായത് രംഗത്തെത്തിയിരുന്നു. ”ഞങ്ങൾക്ക് രണ്ട് ആവശ്യങ്ങളേ ഉള്ളൂ, കസ്റ്റഡിയിലെടുത്ത കർഷകരെ മോചിപ്പിക്കുക, സൂര്യകാന്തി വിത്തുകൾ മിനിമം താങ്ങുവില നൽകി വാങ്ങുക. സർക്കാരുമായി ചർച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്”, ടികായത് കൂട്ടിച്ചേർത്തു.
ഗുസ്തി താരം ബജ്‌റംഗ് പൂനിയയും കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഡബ്ല്യുഎഫ്‌ഐ തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്നവരുടെ കൂട്ടത്തിലും ബജ്‌റംഗ് പൂനിയ ഉണ്ട്. ”കർഷകർക്ക് പിന്തുണ നൽകാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളിൽ പലരും കർഷക കുടുംബങ്ങളിൽ നിന്നാണ് വരുന്നത്. കർഷകർക്കൊപ്പം നിൽക്കും. ഞങ്ങൾ കർഷകരെ മുൻപും പിന്തുണച്ചിട്ടുണ്ട്, ഇനിയും അവർക്ക് എല്ലാവിധ പിന്തുണയും നൽകും”, പൂനിയ കൂട്ടിച്ചേർത്തു.