മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു നോക്കിയ ഫോണ്‍ കണ്ടെടുത്തു. ഇതിന്റെ ബാറ്ററി നശിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍, പുതിയ ബാറ്ററിയിട്ട് ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കിയപ്പോള്‍
2015 മുതലുള്ള 84 മിസ്ഡ് കോളുകള്‍ അതില്‍ കണ്ടെത്തി. കൂടാതെ അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് അസാധുവാക്കിയ കറന്‍സി നോട്ടും കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മരിച്ചയാൾ അമീര്‍ ഖാന്‍ എന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞു. 55നും 60നും ഇടയിലാണ് ഇയാള്‍ക്ക് പ്രായം. ഇയാള്‍ അവിവാഹിതനാണെന്ന് ഇയാളുടെ സഹോദരന്‍ അറിയിച്ചു. ഇയാള്‍ മാനസിക വൈകല്യം നേരിടുന്നയാളായിരിക്കാമെന്നും പോലീസ് പറഞ്ഞു.
advertisement
മരണകാരണവും മരണസമയവും തിരിച്ചറിയുന്നതിന് മൃതദേഹഭാഗങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആസിഫ് നഗര്‍ എസിപി കിഷന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.
അടച്ചുപൂട്ടിയ വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്നും അതില്‍ സ്പര്‍ശിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണം സംഭവിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മരിച്ച വ്യക്തി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും അതിനാല്‍ മരണം ശ്രദ്ധിക്കാതെ പോയതാകാമെന്നും പോലീസ് സംശയിക്കുന്നു. എന്തെങ്കിലും പിടിവലി നടന്നതായി സൂചനയില്ലെന്നും രക്തക്കറയോ മറ്റോ സമീപത്തുനിന്ന് കണ്ടെത്തിയിട്ടില്ലെന്നും അത് സാധാരണ മരണമാകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
പത്ത് വര്‍ഷം മുമ്പ് ഇയാള്‍ മരണപ്പെട്ടിരിക്കാം. ഇയാളുടെ സഹോദരങ്ങളോ ബന്ധുക്കളിലാരുമോ ഇയാളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടാകില്ലെന്നും പോലീസ് പറഞ്ഞു.
അമീര്‍ ഖാന്റെ ഇളയസഹോദരന്‍ ഷദാബ് ആണ് ഇയാളെ തിരിച്ചറിഞ്ഞത്. മൃതദേഹ അവശിഷ്ടത്തില്‍ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി പ്രത്യേക അന്വേഷണ യൂണിറ്റായ CLUES സംഘം വീട് സന്ദര്‍ശിക്കുകയും കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. മരിച്ചയാളെ കൃത്യമായി തിരിച്ചറിയുന്നതിനായി മൃതദേഹ അവശിഷ്ടങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.