ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ആശുപത്രികളിൽ 72 മണിക്കൂറിനുള്ളിൽ യുവാക്കളായ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്.
ഒക്ടോബർ 18-ന് സർക്കാർ ഔദ്യോഗികമായി നിരോധിച്ചതാണ് ഈ കാർബൈഡ് തോക്കുകൾ. എന്നാൽ നിരോധനം നിലനിൽക്കുമ്പോഴും പ്രാദേശിക വിപണികളിൽ ആയുധങ്ങൾ വിൽക്കുന്നത് തുടരുന്ന വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇത് വകവയ്ക്കാതെ വിൽപ്പന നടത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചതായി ഇൻസ്പെക്ടർ ആർ.കെ. മിശ്ര അറിയിച്ചു.
advertisement
150 മുതൽ 200 രൂപ വരെ വിലയിട്ടാണ് കാർബൈഡ് ഗൺ വിപണിയിൽ വിൽക്കുന്നത്. കണ്ടാൽ കളിപ്പാട്ടങ്ങൾ പോലെയാണെങ്കിലും ഉഗ്ര സ്ഫോടനത്തോടെയാണ് ഇവ പൊട്ടിത്തെറിക്കുന്നത്.
കാർബൈഡ് തോക്കുകൾ പൊട്ടിത്തെറിക്കുമ്പോൾ പുറത്തുവരുന്ന ലോഹ ശകലങ്ങളും കാർബൈഡ് നീരാവിയും കാരണം പലരുടെയും കണ്ണിലെ റെറ്റിനയ്ക്കാണ് പരിക്കേൽക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. ഇത് കൃഷ്ണമണികൾ പൊട്ടുന്നതിനും സ്ഥിരമായ അന്ധതയ്ക്കും കാരണമാകും.
പ്ലാസ്റ്റിക് അല്ലെങ്കിൽ ടിൻ പൈപ്പുകളിൽ വെടിമരുന്ന്, തീപ്പെട്ടി കമ്പുകൾ, കാൽസ്യം കാർബൈഡ് എന്നിവ നിറച്ചാണ് ഈ കാർബൈഡ് ഗൺ നിർമ്മിക്കുന്നത്. ഈ മിശ്രിതം കത്തുമ്പോൾ അതിശക്തമായ സ്ഫോടനമാണ് ഉണ്ടാകുന്നത്. 'മിനി പീരങ്കി' എന്ന പേരിലാണ് മധ്യപ്രദേശിൽ വിറ്റഴിച്ചിരുന്നത്. ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്ട്‌സുകളും പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ 'ഫയർക്രാക്കർ ഗൺ ചലഞ്ച്' എന്ന് ടാഗ് ചെയ്ത വൈറൽ വിഡിയോകളാണ് ഇതിന്റെ ഉപയോഗം യുവാക്കൾക്കിടയിൽ പ്രചരിപ്പിച്ചത്. ഇത്തരം വിഡിയോകൾ കണ്ടാണ് പലരും പ്രാദേശികമായി ഈ തോക്കുകൾ നിർമ്മിച്ചതെന്നും പോലീസ് കണ്ടെത്തി.