കുട്ടി സോഷ്യൽ മീഡിയ വഴിയാണ് പ്രലോഭിപ്പിക്കപ്പെട്ടതെന്നും തന്റെ പിതാവ് കൊല്ലപ്പെട്ടതാണെന്ന വിശ്വാസം കുട്ടിയെ മാനസികമായി ദുർബലനാക്കിയെന്നും ഇതാണ് വിവരങ്ങൾ ചോർത്തി നൽകാൻ പ്രേരിപ്പിച്ചതെന്നും കരുതുന്നു. എന്നാൽ അന്വേഷണത്തിൽ ഈ കാര്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വീഡിയോകളും മറ്റും കുട്ടി പാകിസ്ഥാന് കൈമാറിയതായും തീവ്രവാദബന്ധമുള്ള സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. അച്ഛൻ കൊല്ലപ്പെട്ടതാണെന്ന സംശയം കുട്ടിക്ക് ഉണ്ടായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ ഏജൻസികളുടെ കെണിയിൽ വീണു. അത് കുട്ടിയെ മാനസികമായി ബാധിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "എന്നാൽ അന്വേഷണത്തിൽ അത്തരം തെളിവുകളൊന്നും കണ്ടെത്തിയില്ല. വിവിധ സ്ഥലങ്ങളുടെ വീഡിയോകൾ കുട്ടി അവർക്ക് അയച്ചു കൊടുത്തിരുന്നു. ഏകദേശം ഒരു വർഷമായി കുട്ടിക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നു," ധില്ലൺ വ്യക്തമാക്കി.
advertisement
സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഡിസംബർ രണ്ടിന് കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുദാസ്പൂരിൽ നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട ഐഎസ്‌ഐ പിന്തുണയുള്ള ഭീകര മൊഡ്യൂൾ തകർത്തിരുന്നു.
വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് മൊഡ്യൂൾ ഒന്നിലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി ബോർഡർ റേഞ്ച് ഡിഐജി സന്ദീപ് ഗോയൽ പറഞ്ഞു. ഭീകരരായ ഷഹ്‌സാദ് ഭട്ടി, സീഷാൻ അക്തർ, അമൻദീപ് സിംഗ് എന്ന അമൻ പന്നു എന്നിവരാണ് ഈ മോഡ്യൂളിൽ ഉൾപ്പെട്ടിരുന്നതെന്ന് ഡിഐജി വെളിപ്പെടുത്തി. ഗുരുദാസ്പൂരിലെ ഒരു പോലീസ് സ്‌റ്റേഷനിൽ ഈ സംഘം ഒരു ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. മറ്റൊരിടത്ത് ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാൽ മൊഡ്യൂളിലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തതോടെ ഇത് പരാജയപ്പെട്ടു.
ഇതിനിടെ ഹരിയാനയിലെ അംബാലയിൽനിന്ന് ഇന്ത്യൻ സൈന്യത്തിന്റെയും വ്യോമസേനയുടെയും തന്ത്രപ്രധാനമായ വിവരങ്ങൾ ഐഎസ്‌ഐയ്ക്ക് കൈമാറിയെ യുവാവിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള 'ഹണിട്രാപ്പിൽ' കുടുങ്ങിയാണ് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സഹാ പോലീസ് സ്റ്റേഷൻ പരിധിയിലെ സബ്ഗ ഗ്രാമവാസിയായ സുനിൽ എന്ന 31 കാരനാണ് പിടിയിലായത്. അംബാല കന്റോൺമെന്റ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടിയത്.
