''സ്ത്രീപ്രാതിനിധ്യം വളരെയധികമുണ്ടായിരുന്ന ലോക്‌സഭയാണ് പതിനെട്ടാം ലോക്‌സഭ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ട് വെച്ച നാരിശക്തി വന്ദന്‍ അധീനീയം (വനിതാ സംവരണ ബില്‍) പത്തൊമ്പതാം ലോക്‌സഭയില്‍ 33 ശതമാനം സ്ത്രീസംവരണം യാഥാര്‍ഥ്യമാക്കും,'' എന്ന് ബാംസുരി സ്വരാജ് പറഞ്ഞു. അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ കൂടിയാണ് ബാംസുരി സ്വരാജ്.
രാഷ്ട്രീയം എന്നത് ഒരു പ്രൊഫഷനല്ലെന്നും അതൊരു ജീവിത രീതിയാണെന്നും ബാംസുരി സ്വരാജ് പറഞ്ഞു. ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ ശാംഭവി ചൗധരിയും ബാംസുരിയോടൊപ്പം വേദിയില്‍ സന്നിഹിതയായിരുന്നു.
advertisement
സ്ത്രീവിരുദ്ധത, പുരുഷാധിപത്യം എന്നിവയ്‌ക്കെതിരെ പോരാടിയാണ് താന്‍ ലോക്‌സഭയിലേക്ക് എത്തിയതെന്ന് ശാംഭവി ചൗധരി പറഞ്ഞു. അതേസമയം എംപിയെന്ന പദവിയിലേക്ക് എത്താന്‍ തന്നെ പിന്തുണച്ച സഹപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും നന്ദി പറയുന്നുവെന്ന് ബാംസുരി സ്വരാജ് പറഞ്ഞു.
ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയാണ് ശാംഭവി ചൗധരി. യുപിഎസ്‌സി പരീക്ഷയെഴുതാന്‍ തയ്യാറെടുത്തിരുന്ന ശാംഭവി ഒടുവില്‍ തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന് ജനങ്ങളെ സേവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ തലമുറയെപ്പറ്റിയും ശാംഭവി സംസാരിച്ചു. സാമൂഹിക നീതിയ്ക്കും തുല്യ അവസരങ്ങള്‍ക്കും വേണ്ടിയാണ് പുതിയ തലമുറ നിലകൊള്ളുന്നതെന്ന് ശാംഭവി ചൗധരി പറഞ്ഞു.
അതേസമയം രാഷ്ട്രീയ വിഷയങ്ങളിലെ തന്റെ നിലപാട് വ്യക്തമാക്കി ബാംസുരി ചൗധരിയും രംഗത്തെത്തി. വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അവര്‍ വിമര്‍ശിച്ചു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ സംഘടനകളാണെന്ന കോണ്‍ഗ്രസ് ആരോപണത്തേയും ബാംസുരി വിമര്‍ശിച്ചു. ബിജെപിയും ആര്‍എസ്എസും സ്ത്രീകളെ പിന്തുണയ്ക്കുന്നുവെന്നതിന്റെ തെളിവാണ് താനും ശാംഭവി ചൗധരിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'' സ്മൃതി ഇറാനി, സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, വിജയരാജ സിന്ധ്യ തുടങ്ങിയ വനിതാ നേതാക്കള്‍ ഞങ്ങള്‍ക്ക് മുന്നോട്ടുവരാനുള്ള വഴിപാകി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയില്‍(സിസിഎസ്) രണ്ട് വനിതകളാണുണ്ടായിരുന്നത്. സുഷമ സ്വരാജും നിര്‍മല സീതാരാമനും ആയിരുന്നു സിസിഎസിന്റെ ഭാഗമായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതമന്ത്രിമാര്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിട്ടുണ്ട്,'' ബാംസുരി സ്വരാജ് പറഞ്ഞു.
' ഞാനൊരു സംഘിയാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ആര്‍എസ്എസ് പിന്തിരിപ്പന്‍ ആശയങ്ങളെ പിന്തുണച്ചിരുന്നുവെങ്കില്‍ എന്നെപ്പോലെയുള്ളവര്‍ എങ്ങനെ ഇവിടെയത്തും? അദ്ദേഹത്തിന് (രാഹുല്‍ ഗാന്ധി)ആര്‍എസ്എസിനെ പേടിയാണ്,'' ബാംസുരി സ്വരാജ് പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിനായി വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാംസുരി സ്വരാജും ശാംഭവി ചൗധരിയും ആവര്‍ത്തിച്ചു. സ്ത്രീകള്‍ക്കായി എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു.
'വെല്ലുവിളികളെ തകര്‍ക്കുക' എന്നതാണ് ന്യൂസ് 18 ഷീശക്തിയുടെ ഈ വര്‍ഷത്തെ പ്രമേയം. രാഷ്ട്രീയം, സിനിമ, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ പ്രശസ്തരായ സ്ത്രീകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.