രവിരാജ് സിംഗ് ഓട്ടം പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നുവെന്നും നിമിഷങ്ങൾക്കുള്ളിൽ പിതാവിന്റെ മുന്നിൽ കുഴഞ്ഞുവീണുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം പ്രഥമശുശ്രൂഷ നൽകുകയും ഭറൂച്ച് സിവിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.വഡോദര സ്റ്റേറ്റ് റിസർവ് പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ രവിരാജിന്റെ പിതാവ് മഹേന്ദ്ര സിംഗ് ജഡേജ ആ സമയത്ത് റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
റിക്രൂട്ട്‌മെന്റ് സ്ഥത്ത് ആംബുലൻസുകളും മെഡിക്കൽ സൗകര്യങ്ങളും ലഭ്യമായിരുന്നുവെങ്കിലും പെട്ടെന്ന് ഫലപ്രദമായി ഇടപെടാൻ സമയം ലഭിച്ചില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെത്തുടർന്ന് റിക്രൂട്ട്‌മെന്റ് നടപടികൾ താത്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് പരീക്ഷ പുനരാരംഭിച്ചു.
advertisement
പോലീസ് റിക്രൂട്ട്‌മെന്റിനായി രവിരാജ് നടത്തുന്ന രണ്ടാമത്തെ ശ്രമമായിരുന്നു ഇത്. കഴിഞ്ഞ വർഷം കായികക്ഷമതാ പരീക്ഷയിൽ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതിനാൽ ഇത്തവണ വലിയ തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഭറൂച്ച് ബി ഡിവിഷൻ പോലീസ് സ്റ്റേഷനിൽ അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മരണകാരണം കൃത്യമായി കണ്ടെത്താൻ മൃതദേഹം പാനൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഠിനമായ ശാരീരിക അധ്വാനമോ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നമോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
