സംസ്ഥാന പോലീസില്‍ കോണ്‍സ്റ്റബിള്‍ ജോലിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു 20കാരിയായ മമത ചൗധരി. ഇതിന് വേണ്ടി ശാരീരികക്ഷമതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ഇതിന്റെ ഭാഗമായി ദിവസവും രാവിലെ ഓടാനായി പോകുമായിരുന്നു. നവംബര്‍ 23ന് രാവിലെ ഓടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അവരെ ഉടൻ തന്നെ ജെഎന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ''മമത ഗ്രൗണ്ടില്‍ നാല് അഞ്ച് റൗണ്ട് ഓടിയിരുന്നു. ഇതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു,'' മമതയുടെ സഹോദരന്‍ ജയ്കുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
advertisement
സിറൗലി ഗ്രാമത്തില്‍ നിന്നുള്ള ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മോഹിത് ചൗധരിയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സ്‌കൂള്‍ കായികമേളയോട് അനുബന്ധിച്ച് തയ്യാറെടുപ്പിലായിരുന്നു മോഹിത്. പരിശീലന ഓട്ടത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയും താമസിക്കാതെ മരിക്കുകയുമായിരുന്നു.
ഞായറാഴ്ചയാണ് ലോധി നഗര്‍ സ്വദേശിനികളായ ദീക്ഷ എന്ന എട്ടുവയസ്സുകാരി സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
നവംബര്‍ അഞ്ചിന് പ്രഭാതനടത്തത്തിന് പോയി വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു ശിശുരോഗ വിദഗ്ധനായ ഡോ. ലവ്‌നിഷ് അഗര്‍വാള്‍. ജോലിക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു.
29കാരനായ സയ്യദ് ബര്‍കത്ത് ഹൈദര്‍ നവംബര്‍ 20ന് ഉറക്കത്തിനിടയിലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
''രാത്രി സാധാരണ പോലെ ഉറങ്ങിയതായിരുന്നു സയ്യദ്. ഇടയ്ക്ക് കൂര്‍ക്കംവലി കേള്‍ക്കാതെ വന്നപ്പോള്‍ ഞാന്‍ എന്താണെന്നറിയാന്‍ നോക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് എനിക്ക് മനസ്സിലായി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു,'' സയ്യദിന്റെ ബന്ധുവായ അഹമ്മദ് മുസ്തഫ സിദ്ദിഖി പറഞ്ഞു.
കോവിഡ് 19ന് ശേഷം ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചതായി അലിഗഢിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. അസര്‍ കമാല്‍ പറഞ്ഞു. ''കോവിഡിന് ശേഷം കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ യുവാക്കളിലെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം രോഗികളില്‍ മാനസിക സമ്മര്‍ദം വലിയ ഘടകമായരുന്നു,'' അലിഗഡിലെ കമല്‍ ഹാര്‍ട്ട് കെയര്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റായഡോ. അസര്‍ കമാല്‍ പറഞ്ഞു.
അതേസമയം, യുവാക്കള്‍ ഹൃദയാഘാതത്തിനെതിരായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നീരജ് ത്യാഗി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തനിടെ ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങള്‍ 22 ശതമാനം വര്‍ധിച്ചതായി അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ പ്രൊഫസര്‍ എം. റബ്ബാനി പറഞ്ഞു.
ആരോഗ്യമുള്ള ഒരാള്‍ ഹൃദയാഘാതം മൂലം ഒരു മണിക്കൂറിനുള്ളില്‍ മരിച്ചാല്‍ അതിനെ സഡന്‍ കാര്‍ഡിയാക് അറസ്റ്റ് എന്ന് പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തനിടെ ഇത് 22 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ചില കുട്ടികള്‍ക്ക് ജന്മനാ ഹൃദ്രോഗമുണ്ട്. അത് വേണ്ടവിധം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകും. കുട്ടിക്ക് ശ്വാസതടസ്സവും നെഞ്ചുവേദനയും ഉണ്ടെന്ന് പരാതിപ്പെട്ടാല്‍, ഉടനെ പരിശോധിത്തണം,'' എം. റബ്ബാനി കൂട്ടിച്ചേര്‍ത്തു.