ക്ഷയിച്ചനിലയിലുള്ള 300 ക്ഷേത്രങ്ങള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിദേശപ്രകാരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തിട്ടുണ്ടെന്നും അതിൽ 100 ക്ഷേത്രങ്ങളില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം നടത്തിയതായും ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പികെ ശേഖര്‍ബാബു പത്രക്കുറിപ്പില്‍ പറഞ്ഞു.
ജില്ലയിലെ 490 ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ മെച്ചപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2022-23-ല്‍ 77 ക്ഷേത്രങ്ങളിലും 2023-24-ല്‍ 21 ക്ഷേത്രങ്ങളിലും 2024-25-ല്‍ രണ്ട് ക്ഷേത്രങ്ങളിലും പുനഃപ്രതിഷ്ഠ നടത്തി.ഇതിനുപുറമെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രം, മണ്ടൈക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രം, തിരുവിതാംകോട് മഹാദേവര്‍ ക്ഷേത്രം, താമരൈക്കുളം അബത്തുകാത കണ്ടന്‍ ശാസ്താ ക്ഷേത്രം എന്നിവയുള്‍പ്പെടെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകര്‍മ്മങ്ങളും നടന്നതായി പ്രസ്താവനയില്‍ പറയുന്നു.
advertisement
ഇതുകൂടാതെ ജില്ലയിലെ 50 ക്ഷേത്രങ്ങള്‍ കൂടി എട്ട് കോടി രൂപ ചെലവില്‍ പുതുക്കിപണിയുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍കാലങ്ങളില്‍ മൂന്ന് കോടി രൂപയാണ് ക്ഷേത്രവികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. 2021-22-ല്‍ ഇത് ആറ് കോടി രൂപയായും 2023-24-ല്‍ ഇത് എട്ട് കോടി രൂപയായും വര്‍ദ്ധിപ്പിച്ചു. നടപ്പു സാമ്പത്തികവര്‍ഷത്തേക്ക് (2024-25-ല്‍) 13 കോടി രൂപയാണ് ക്ഷേത്ര നവീകരണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം 18 കോടി രൂപയായി ഉയര്‍ത്താനും ഉത്തരവിറക്കിയിട്ടുണ്ട്.
ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനസഹായ അഭ്യര്‍ത്ഥന പ്രകാരം ജീര്‍ണ്ണാവസ്ഥയിലുള്ള 100 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 15 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. 2023-24-ലെ ഗ്രാന്റില്‍ പത്ത് കോടി രൂപ ചെലവില്‍ 100 ക്ഷേത്രങ്ങളുടെ കൂടി പുനരുദ്ധാരണം ഏറ്റെടുത്തു. 2025-26 സാമ്പത്തിക വര്‍ഷം ആറ് കോടി രൂപ ചെലവില്‍ 50 ക്ഷേത്രങ്ങളുടെ നവീകരണം കൂടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭരണ-സാങ്കേതികാനുമതികള്‍ വേഗത്തില്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.