TRENDING:

സ്വാതന്ത്ര്യം നേടി 78 വര്‍ഷത്തിനുശേഷം ഗുജറാത്തിലെ ഗ്രാമത്തില്‍ ദളിതര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം

Last Updated:

വിമോചനത്തിന്റെ നിമിഷമായാണ് ഗ്രാമത്തിലെ ദളിത് സമൂഹം ഈ സംഭവത്തെ കാണുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടിനുശേഷം ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ നിലനിന്നിരുന്ന കടുത്ത ജാതിവിവേചനത്തിന് അന്ത്യം. ചരിത്രത്തിലാദ്യമായി ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അല്‍വാഡ ഗ്രാമത്തില്‍ ഒരു ദളിത് യുവാവിന് പ്രാദേശിക ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിവെട്ടാന്‍ അനുവാദം ലഭിച്ചു. ഓഗസ്റ്റ് 7-ന് നടന്ന ഈ സംഭവം സാമൂഹിക സമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തുന്നത്.
News18
News18
advertisement

കര്‍ഷകത്തൊഴിലാളിയായ 24-കാരന്‍ കീര്‍ത്തി ചൗഹാനാണ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ജാതി അയിത്തത്തിന് അവസാനം കുറിച്ചുകൊണ്ട് ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി വെട്ടാന്‍ സാധിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം നേടി 78 വര്‍ഷത്തിനുശേഷം ഈ ഗ്രാമത്തില്‍ ഇതാദ്യമായാണ് ഒരു ദളിതന് പ്രാദേശിക ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് സേവനം ലഭിക്കുന്നത്. വിമോചനത്തിന്റെ നിമിഷമായാണ് ഗ്രാമത്തിലെ ദളിത് സമൂഹം ഈ സംഭവത്തെ കാണുന്നത്.

6,500 നിവാസികളാണ് അല്‍വാഡയില്‍ താമസിക്കുന്നത്. ഇതില്‍ ഏകദേശം 250 ഓളം പേര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. പതിറ്റാണ്ടുകളായി പ്രാദേശിക ബാര്‍ബര്‍മാര്‍ ദളിതരുടെ മുടി മുറിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ അല്‍വാഡയിലെ ദളിതര്‍ സേവനത്തിനായി അയല്‍ഗ്രാമങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. അയൽഗ്രാമങ്ങളിലും വിവേചനം നേരിടുന്നത് ഒഴിവാക്കാന്‍ പലപ്പോഴും ദളിതര്‍ക്ക് ജാതിതന്നെ മറച്ചുവെക്കേണ്ടി വന്നു.

advertisement

"സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ തങ്ങളുടെ പൂര്‍വ്വികര്‍ ഈ വിവേചനം നേരിട്ടിരുന്നുവെന്നും തന്റെ കുട്ടികള്‍ എട്ട് പതിറ്റാണ്ടുകളായി ഇത് സഹിച്ചുവെന്നും", ദീര്‍ഘകാലമായി നിലനിന്നിരുന്ന അയിത്തത്തെ കുറിച്ച് 58-കാരനായ ദളിത് ഛോഗാജി ചൗഹാന്‍ പറഞ്ഞു.

പ്രാദേശിക ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി മുറിക്കാനുള്ള കീര്‍ത്തി ചൗഹാന്റെ തീരുമാനം ധീരവും വൈകാരികവുമായ ഒരു നിമിഷമായിരുന്നു. "24 വര്‍ഷത്തിനിടെ ആദ്യമായി ഞാന്‍ എന്റെ ഗ്രാമത്തിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനായി ഇരുന്നു. മുമ്പ് മറ്റ് ഗ്രാമങ്ങളിലേക്ക് ഇതിനായി പോകേണ്ടിവന്നിരുന്നു. ആ ദിവസം എന്റെ സ്വന്തം ഗ്രാമത്തില്‍ എനിക്ക് സ്വതാന്ത്ര്യവും സ്വീകാര്യതയും ലഭിച്ചതായി തോന്നി", കീര്‍ത്തി ചൗഹാന്‍ വികാരാധീനനായി പറഞ്ഞു.

advertisement

ദളിത് സമൂഹം നടത്തിയ നിരന്തരമായ പോരാട്ടങ്ങളും ചേതന്‍ ദാഭി എന്ന സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലുമാണ്  ഈ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കിയത്. ഉന്നത ജാതിക്കാരെയും ബാര്‍ബര്‍മാരെയും ഈ ആചാരത്തിന്റെ ഭരണഘടനാവിരുദ്ധതയെ കുറിച്ച് അദ്ദേഹം പറഞ്ഞുമനസ്സിലാക്കി. മാസങ്ങളോളം അവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. എന്നാല്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ പോലീസും ജില്ലാ ഭരണകൂടവും ഇടപെട്ടതോടെയാണ് ദളിതര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം സാധ്യമായത്.

പ്രശ്‌നം പരിഹരിക്കാന്‍ മംലത്ദാര്‍ ജനക് മേത്ത ഗ്രാമ നേതാക്കളുമായി ചര്‍ച്ച നടത്തി. ഗ്രാമത്തിലെ സര്‍പഞ്ച് സുരേഷ് ചൗധരി വിവേചനത്തില്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ ഭരണകാലത്ത് അത് നിര്‍ത്തലാക്കാനായതിന്റെ സന്തോഷവും അദ്ദേഹം അറിയിച്ചു.

advertisement

അങ്ങനെ ഗ്രാമത്തിലെ അഞ്ച് ബാര്‍ബര്‍ ഷോപ്പ് ഉടമകളും ദളിതര്‍ക്ക് പ്രവേശനം നല്‍കി. 21 വയസ്സുള്ള ബാര്‍ബര്‍ പിന്റുവാണ് കീര്‍ത്തി ചൗഹാന്റെ മുടി വെട്ടിയത്. സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു ആചാരം തങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇതിന് മാറ്റം വന്നതിലൂടെ ബിസിനസിനും പ്രയോജനമുണ്ടായതായും പിന്റു പറഞ്ഞു.

ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരും ഈ മാറ്റത്തെ പിന്തുണച്ചു. "എല്ലാ ഉപഭോക്താക്കളെയും എന്റെ പലചരക്ക് കടയില്‍ സ്വാഗതം ചെയ്യുന്നുവെങ്കില്‍ ബാര്‍ബര്‍മാര്‍ക്ക് എന്തുകൊണ്ട് സ്വാഗതം ചെയ്തുകൂടാ? ഈ തെറ്റായ ആചാരം അവസാനിച്ചത് നല്ലതാണ്", പാട്ടിദാര്‍ സമുദായത്തിലെ പ്രകാശ് പട്ടേല്‍ അഭിപ്രായപ്പെട്ടു.

advertisement

കാര്യങ്ങളില്‍ പുരോഗതിയുണ്ടായെങ്കിലും കൂടുതല്‍ മാറ്റം ആവശ്യമാണെന്നാണ് ദളിത് സമൂഹം പറയുന്നത്. സമൂഹ വിരുന്നുകളില്‍ ദളിതര്‍ക്ക് ഇപ്പോഴും മാറിയിരിക്കേണ്ടി വരുന്നുവെന്നും ഒരു ദിവസം ഇതും അവസാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കര്‍ഷകനായ ഈശ്വര്‍ ചൗഹാന്‍ അഭിപ്രായപ്പെട്ടു. ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം ലഭിച്ചതിനെ പുതിയ തുടക്കമായിട്ടാണ് സമൂഹം കാണുന്നത്. സമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും ആളുകള്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
സ്വാതന്ത്ര്യം നേടി 78 വര്‍ഷത്തിനുശേഷം ഗുജറാത്തിലെ ഗ്രാമത്തില്‍ ദളിതര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പ്രവേശനം
Open in App
Home
Video
Impact Shorts
Web Stories