ഇത് പ്രകാരം റേഷൻ കാർഡ് ഉടമകൾക്ക് എല്ലാ സംസ്ഥാനങ്ങളിലും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ ഒരേസമയം രാജ്യത്തുടനീളം ഒരു രാഷ്ട്രം ഒരു റേഷൻ കാര്‍ഡ് (ONORC) സംരംഭത്തിന് കീഴില്‍ ഏകീകൃതമായി നടപ്പിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ 75 ശതമാനം ആളുകൾക്കും നഗര മേഖലയിലെ 50 ശതമാനം ആളുകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
അതേസമയം ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എൻഎഫ്എസ്എ) കീഴിൽ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കായി സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത് 2020 ഡിസംബറിലാണ് . അന്ത്യോദയ അന്ന യോജന (എഎവൈ), പ്രയോറിറ്റി ഹൗസ്ഹോള്‍ഡ്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. എഎവൈ വിഭാഗത്തിലുള്ള കുടുംബത്തിന് പ്രതിമാസം 35 കിലോ ധാന്യം ലഭിക്കും. മുന്‍ഗണന വിഭാഗത്തിന് പ്രതിമാസം ഒരാൾക്ക് 5 കിലോ വീതവും ലഭിക്കും.
advertisement
കൂടാതെ ഗുണഭോക്താക്കൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന എല്ലാ അധിക ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. "സമൂഹത്തിലെ ദുർബലരും ദരിദ്രരുമായ എല്ലാ വിഭാഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ, 81.35 കോടി ഗുണഭോക്താക്കൾക്ക് പിഎംജികെഎയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്നും ” കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഭക്ഷ്യസുരക്ഷാ ശൃംഖല ശക്തിപ്പെടുത്താനാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ലക്ഷ്യമിടുന്നതെന്നും രണ്ട് ഭക്ഷ്യ സബ്‌സിഡി സ്‌കീമുകളുടെ സഹായത്തോടെ സംസ്‌ഥാനങ്ങളിലെ നിയുക്ത ഡിപ്പോകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുമുള്ള ഭക്ഷ്യ സബ്‌സിഡി പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.