അന്നപൂർണ പൊലീസ് സ്റ്റേഷനിൽ പരിധിയിൽ പെട്ട ഇത്വാരിയ ബാസാർ സ്വദേശിയായ നവീന്‍ ചന്ദ്ര ജെയ്ൻ എന്ന 87കാരന്‍റെ മൃതദേഹമാണ് എലികൾ കടിച്ച നിലയിൽ ബന്ധുക്കൾക്ക് കൈമാറിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 17നാണ് ശ്വാസതടസത്തെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് വാർഡിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചയോടെ അദ്ദേഹം മരിച്ചുവെന്ന വിവരമാണ് പിന്നീട് ബന്ധുക്കൾക്ക് ലഭിച്ചത്. ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷന്‍റെ വാഹനത്തിൽ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി എത്തിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
advertisement
ഞായറാഴ്ച രാത്രി വരെ നവീൻ ചന്ദ്രയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അപ്പോഴെന്നും ആരോഗ്യനില വഷളാണെന്ന് തോന്നിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രിയിലെത്തിയപ്പോൾ ഒരുലക്ഷം രൂപയുടെ ബില്ല് നൽകിയെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളിലൊരാൾ പറയുന്നത്. 'ബില്ല് അടച്ചതോടെ മൃതദേഹം വിട്ടു നൽകി. മൃതദേഹം കണ്ട് ഞെട്ടിപ്പോയി അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ പലഭാഗങ്ങളും എലി കരണ്ട നിലയിലായിരുന്നു. കണ്ണിലും പരിക്കേറ്റിട്ടുണ്ടായിരുന്നു' എന്നാണ് ബന്ധുവായ പ്രാച്ചി ജെയ്ൻ എന്ന യുവതി അറിയിച്ചത്.
Also Read-ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ മോഷ്ടിച്ച് വിദ്യാർഥി; ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ സംഭവിച്ചത്
പിന്നാലെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം ഉയർത്തി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിശദീകരണവും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. നവീൻ ചന്ദ്രയുടെ കുടുംബം പറയുന്നതനുസരിച്ച് ഞായറാഴ്ച ഉച്ചവരെ അയാൾക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ രാത്രി എട്ട് മണിയോടെ ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അറിയിച്ച് ആശുപത്രി അധികൃതർ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങി. പുലർച്ചയോടെ മരണവിവരം അറിയിക്കുകയും ചെയ്തു.
വിവാദ സംഭവത്തിൽ ഇതുവരെ വിശദീകരണം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. പകരം അന്വേഷണം നടക്കുന്നുണ്ടെന്ന പ്രതികരണം മാത്രമാണ് ഇവരിൽ നിന്നും ലഭിക്കുന്നത്.