TRENDING:

900 കരകൗശലവിദഗ്ധരുടെ 18 മാസങ്ങൾ നീണ്ട പ്രയത്‌നം: പുതിയ പാർലമെന്റ് മന്ദിരത്തിലെ പരവതാനിയ്ക്ക് പിന്നിൽ

Last Updated:

കലാകാരന്മാർ 18 മാസത്തോളം വിശ്രമമില്ലാതെ ജോലി ചെയ്താണ് പൂർണമായും കൈകൊണ്ട് നെയ്‌തെടുത്ത ഈ പരവതാനികൾ തയ്യാറാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെൻ്റ് മന്ദിരം അലങ്കരിച്ചിരിക്കുന്ന പരവതാനികൾ നെയ്‌തെടുത്തത് 900 കരകൗശലവിദഗ്ധർ ചേർന്ന്. ഉത്തർപ്രദേശിലെ ഭാദോഹി, മിർസാപ്പൂർ എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള കലാകാരന്മാർ 18 മാസത്തോളം വിശ്രമമില്ലാതെ ജോലി ചെയ്താണ് പൂർണമായും കൈകൊണ്ട് നെയ്‌തെടുത്ത ഈ പരവതാനികൾ തയ്യാറാക്കിയത്. ലോക്‌സഭയിലേക്ക് 158 പരവതാനികളും രാജ്യസഭയിലേക്ക് 156 പരവതാനികളുമാണ് പണിതീർത്തത്. ഇതിനു ശേഷം ഇവ തമ്മിൽ അർധവൃത്താകൃതിയിൽ തുന്നിച്ചേർത്ത് ഇരു സഭകളുടെയും വാസ്തുശൈലിയ്ക്ക് ചേരുന്ന തരത്തിൽ രൂപപ്പെടുത്തുകയായിരുന്നു. 35,000 ചതുരശ്ര അടിയോളം വരുന്നതാണ് ഈ പരവതാനികൾ.
advertisement

ഓരോ ചതുരശ്ര ഇഞ്ചിലും 120 കെട്ടുകൾ വരുന്നവയാണ് ഈ പരവതാനികൾ. അത്രയേറെ സൂക്ഷമമായി നെയ്‌തെടുക്കുന്ന, ഗുണമേന്മയിൽ മികച്ചു നിൽക്കുന്ന ഇവ നിർമിക്കാനായി ഏറ്റവും മികച്ച കരകൗശലവിദഗ്ധരുടെ സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ആകെ നെയ്ത പരവതാനിയിൽ ഏകദേശം 60 കോടി കെട്ടുകളാണ് ഉണ്ടാവുക. ദേശീയ പക്ഷിയായ മയിലിൻ്റെ രൂപങ്ങളാണ് ലോക്‌സഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയിൽ നെയ്തുചേർത്തിട്ടുള്ളത്. രാജ്യസഭയിലെ പരവതാനിയിൽ ചേർത്തിട്ടുള്ളതാകട്ടെ, ദേശീയ പുഷ്പമായ താമരയുടെ രൂപങ്ങളും. കോകം റെഡ് നിറത്തിൻ്റെ വകഭേദങ്ങളാണ് ഈ പരവതാനിയിൽ ഉപയോഗിച്ചിരിക്കുന്നത്.

advertisement

Also read: New Parliament Building Inauguration LIVE: പുതിയ പാർലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് സാക്ഷിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതിസൂക്ഷ്മമായി ചേർത്തെടുത്ത പാറ്റേണുകളും, 20-25 നിറഭേദങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുള്ള ഈ പരവതാനികൾ, രാജ്യത്തെ പകരം വയ്ക്കാനില്ലാത്ത കരകൗശലവൈദഗ്ധ്യത്തിൻ്റെ തെളിവുകളാണ്. ലോക്‌സഭയിൽ ഉപയോഗിച്ചിരിക്കുന്ന പരവതാനിയിൽ ചേർത്തിരിക്കുന്നത് ഇന്ത്യൻ അഗാവേ ഗ്രീൻ എന്ന നിറമാണ്. ഇന്ത്യൻ മയിലിൻ്റെ പീലികളുടെ നിറത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ നിറം സ്വീകരിച്ചിരിക്കുന്നത്.

advertisement

ഓബീടീ കാർപെറ്റ്‌സ് എന്ന കമ്പനിയ്ക്കായിരുന്നു പരവതാനികൾ തയ്യാറാക്കാനുള്ള ചുമതല. ഒന്നര വർഷത്തോളമെടുത്താണ് പുതിയ പാർലമെന്റിനായി അതിമനോഹരമായ കാർപെറ്റുകൾ നെയ്‌തെടുക്കുക എന്ന ഭഗീരഥപ്രയത്‌നം ചെയ്തു തീർത്തതെന്ന് ഓബീടീ കാർപെറ്റ്‌സിൻ്റെ ചെയർമാനായ രുദ്ര ചാറ്റർജി പറയുന്നു.

‘കൊവിഡ് മഹാമാരിയുടെ ഇടയിൽ 2020ലാണ് ഞങ്ങൾ ഈ പ്രോജക്ട് ആരംഭിച്ചത്. നെയ്ത്ത് തുടങ്ങിയത് 2021 സെപ്തംബറിലായിരുന്നു. 2022 മെയ് ആയപ്പോഴേക്കും ജോലികൾ മുഴുവൻ തീർക്കാൻ കഴിഞ്ഞു. 2022 നവംബറിൽ നെയ്‌തെടുത്ത പരവതാനികൾ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ഓരോ കാർപെറ്റും ഇത്രയേറെ ഗുണമേന്മയോടെ, 120 കെട്ടുകൾ വീതം ഓരോ ചതുരശ്ര ഇഞ്ചിലും ചേർത്തുകൊണ്ട് നെയ്‌തെടുക്കാൻ ഏകദേശം ഏഴു മാസമെടുത്തു. സെൻട്രൽ വിസ്ത പ്രോജക്ടിൻ്റെ ഭാഗമായ ഒരു ജോലി ഏറ്റെടുത്തു ചെയ്യാൻ കഴിഞ്ഞത് ഓബീടിയെ സംബന്ധിച്ചടത്തോളം വലിയൊരു അംഗീകാരമാണ്.’ രുദ്ര ചാറ്റർജി പറഞ്ഞു.

advertisement

പത്തു ലക്ഷം മണിക്കൂറാണ് കരകൗശലവിദഗ്ധർ ഇതിനായി ചെലവഴിച്ചത്. മുഗൾ ചക്രവർത്തി അക്ബറിൻ്റെ കാലത്തോളം പഴക്കമുള്ളതാണ് ഭാദോഹിയിലെയും മിർസാപ്പൂരിലെയും കരകൗശലവിദഗ്ധരുടെ പാരമ്പര്യം. പരവതാനികളോട് അക്ബറിന് പ്രത്യേക താൽപര്യമുണ്ടായിരുന്നെന്നും, അതിനാൽ പേർഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച നെയ്ത്തുകാരെയും കലാകാരന്മാരെയും ഇന്ത്യയിൽ കൊണ്ടുവരാൻ അദ്ദേഹം തീരുമാനിച്ചിരുന്നെന്നുമാണ് പറയപ്പെടുന്നത്. ആ യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ ഗോപിഗഞ്ജ് എന്ന ചെറുനഗരത്തിലെത്തിയപ്പോൾ, പേർഷ്യൻ കലാകാരന്മാരുടെ സംഘത്തെ കൊള്ളക്കാർ ആക്രമിച്ചു. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട കുറച്ച് കലാകാരന്മാർ ആ പ്രദേശത്തെ ചില ഗ്രാമങ്ങളിലായി അഭയം പ്രാപിച്ചു. അങ്ങനെ മിർസാപ്പൂർ പരവതാനി നെയ്ത്തിന് പ്രസിദ്ധമായി എന്നാണ് കഥ.

advertisement

‘സൂക്ഷ്മമായ കലാചാതുരി, ആകർഷകമായ നിറങ്ങൾ, ഭംഗി എന്നിവ കൂട്ടിച്ചേർത്ത് വലിയ പ്രാധാന്യത്തോടെയാണ് ഇരു സഭകളിലേക്കുമുള്ള പരവതാനിയുടെ ഡിസൈനുകൾ പാകപ്പെടുത്തിയെടുത്തത്. ഓബീടിയുടെ മിർസാപ്പൂരിലുള്ള പ്രധാന കേന്ദ്രത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്. 17,500 ചതുരശ്ര അടി വീതം വരുന്ന രണ്ട് പരവതാനികൾ നെയ്‌തെടുക്കേണ്ടതിനാൽ, വളരെ ദൈർഘ്യമേറിയ പ്രവൃത്തിയായിരുന്നു ഇത്.’ രുദ്ര ചാറ്റർജി പറയുന്നു. 103 വർഷങ്ങൾക്കു മുൻപ്, മൂന്ന് ബ്രിട്ടീഷ് ബിസിനസുകാർ ചേർന്ന് സ്ഥാപിച്ചതാണ് ഓബീടി കാർപെറ്റ്സ്.

മലയാളം വാർത്തകൾ/ വാർത്ത/India/
900 കരകൗശലവിദഗ്ധരുടെ 18 മാസങ്ങൾ നീണ്ട പ്രയത്‌നം: പുതിയ പാർലമെന്റ് മന്ദിരത്തിലെ പരവതാനിയ്ക്ക് പിന്നിൽ
Open in App
Home
Video
Impact Shorts
Web Stories