നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വിമാനം ഇന്ത്യയിലേക്ക് തിരികെ പുറപ്പെടുന്നതിന് തിങ്കളാഴ്ച ഫ്രഞ്ച് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. പ്രശ്‌നം വേഗത്തില്‍ പരിഹരിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത് ഫ്രാന്‍സിലെ ഇന്ത്യന്‍ അധികൃതര്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു.
ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ പാരീസിലെ വാട്രി വിമാനത്താവളത്തില്‍ നിറുത്തിയപ്പോഴാണ് നിക്കാരഗ്വയിലേക്ക് പോകുന്ന എയര്‍ബസ് എ340 വിമാനം തടഞ്ഞുവെച്ചത്. ദുബായില്‍ നിന്നാണ് ഈ വിമാനം യാത്ര പുറപ്പെട്ടത്. മനുഷ്യക്കടത്താണെന്ന് ഫ്രഞ്ച് അധികൃതര്‍ക്ക് സൂചന ലഭിച്ചതോടെയാണ് വിമാനം ഇവിടെ തടഞ്ഞുവെച്ചത്.
advertisement
ഒന്‍പത് മണിക്കൂര്‍ യാത്രക്ക് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എത്തിച്ചേര്‍ന്നതെന്ന് ഏവിയേഷന്‍ ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌ട്രേഡര്‍24നെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു.
മനുഷ്യക്കടത്ത് സംബന്ധിച്ച് ഫ്രാന്‍സ് അന്വേഷണം നടത്തില്ലെന്നും എന്നാല്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനമുണ്ടോയെന്നറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. വിമാനത്തിന് പുറത്തേക്ക് പറക്കാന്‍ ഫ്രാന്‍സിലെ ജഡ്ജിയില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും വിമാനം ഇന്ത്യയില്‍ എത്തിയതിന് ശേഷം തുടര്‍നടപടികളെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത സ്രോതസ്സകളെ ഉദ്ധരിച്ച് ന്യൂസ് 18 കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നിക്കരഗ്വ വഴി യുഎസിലേക്ക് പോകാനായി പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണരായ പാവപ്പെട്ടയാളുകളാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവരാണ് ഈ വഴി അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ചെത്തിയതെന്നാണ് വിവരം. യാത്രക്കാരില്‍ അധികവും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിനോദസഞ്ചാരികളാണെന്ന് പറയണമെന്നാണ് ഇവരെ പറഞ്ഞു പഠിപ്പിച്ചിരുന്നത്. യുഎസിലെ മെക്‌സിക്കന്‍ അതിര്‍ത്തി അടച്ചതിന് ശേഷം നിക്കരഗ്വ വഴി യുഎസിലേക്കും കാനഡയിലേക്കും അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.