“എനിക്ക് പ്രധാനമന്ത്രി മോദിജിയോട് വല്ലാത്ത ബഹുമാനമാണുള്ളത്. അദ്ദേഹം നമ്മുടെ രാജ്യത്തിൻെറ അഭിമാനമാണ്. അദ്ദേഹത്തിൻെറ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം രൂപപ്പെട്ടത്,” ഹോട്ടൽ ഉടമ സുമിത് കൽറ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
“56 വിഭവങ്ങൾ അടങ്ങിയതാണ് ഈ താലി. ‘56 ഇഞ്ച് മോദി ജി താലി’ എന്നാണ് ഇതിന് ഞങ്ങൾ പേരിട്ടിരിക്കുന്നത്. അന്നേദിവസം പ്രധാനമന്ത്രിക്ക് ഈ ഭക്ഷണം സമ്മാനമായി നൽകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അദ്ദേഹം ഇവിടെ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ വലിയ സന്തോഷം. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം അത് സാധിക്കില്ലെന്ന് അറിയാം. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന എല്ലാ ആരാധകർക്കും ഇത് സമർപ്പിക്കുകയാണ്. എല്ലാവരും വന്ന് താലി കഴിച്ച് ആഘോഷിക്കുക,” സുമിത് കൂട്ടിച്ചേർത്തു.
advertisement
സ്പെഷ്യൽ താലി നൽകുക എന്ന് മാത്രമല്ല അന്ന് ഹോട്ടലിലെത്തുന്നവർക്ക് മറ്റൊരു സർപ്രൈസും കാത്തിരിക്കുന്നുണ്ട്. “താലി കഴിക്കുന്നതിനൊപ്പം സമ്മാനം നേടാനുള്ള അവസരവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ 40 മിനിറ്റ് നേരം കൊണ്ട് ഈ താലി മുഴുവൻ കഴിച്ച് തീർക്കുകയാണെങ്കിൽ 8.5 ലക്ഷം രൂപ സമ്മാനമായി നൽകും,” ഹോട്ടൽ ഉടമ പറഞ്ഞു.
വലിയ സമ്മാനത്തുക മാത്രമല്ല ഹോട്ടൽ പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബർ 17നും 26നും ഇടയിൽ ഇവിടെയെത്തി ഈ സ്പെഷ്യൽ താലി കഴിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതിമാർക്ക് കേദാർനാഥിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കും. കേദാർനാഥ് പ്രധാനമന്ത്രി മോദിക്ക് വളരെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായത് കൊണ്ടാണ് ആ സ്ഥലം തന്നെ തെരഞ്ഞെടുത്തതെന്നും സുമിത് പറഞ്ഞു.
അതേസമയം, മോദിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് പാർട്ടി. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ്ങിൻെറ നേതൃത്വത്തിൽ കമ്മിറ്റിയും രൂപവൽക്കരിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളും രക്തദാന ക്യാമ്പുകളുമെല്ലാം ഇതിൻെറ ഭാഗമായി നടത്തും. സെപ്തംബർ 17 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ ആഘോഷങ്ങൾ നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പോഷക സംഘടനകളായ കിസാൻ മോർച്ചയും യുവ മോർച്ചയുമെല്ലാം ആഘോഷത്തിൻെറ ഭാഗമായി വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വലിയ ആഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്.