പട്ടികജാതിയിൽപെടുന്ന പള്ളാര്‍ സമുദായത്തില്‍ നിന്നുള്ള കവിന്‍ തൂത്തുക്കുടി ജില്ലയിലെ ഇറാള്‍ സ്വദേശിയാണ്. എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലുള്ള ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കവിന്‍ പാളയംകോട്ടയിലെ കെടിസി നഗറില്‍ നിന്നുള്ള എസ് സുഭാഷിണി(26) എന്ന പെണ്‍കുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു.
സ്‌കൂള്‍ കാലം മുതല്‍ ഇരുവരും പരിചയത്തിലായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയപരമായി വൻസ്വാധീനമുള്ള തേവർ സമുദായത്തിലെ മൂന്ന് വിഭാഗങ്ങളിൽ ഒന്നായ മറവർ വിഭാഗത്തിൽ പെടുന്ന സുഭാഷിണിയുടെ കുടുംബം ഈ പ്രണയബന്ധം അംഗീകരിച്ചിരുന്നില്ല. കാലങ്ങളായി ഇരു സമുദായങ്ങളും തമ്മിൽ ജാതിയുടെ പേരിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.
advertisement
ജൂലൈ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സുഭാഷിണിയുടെ സഹോദരനായ സുര്‍ജിത്(21) കെടിസി നഗറില്‍വെച്ചാണ് കവിനെ വെട്ടിക്കൊന്നത്. പൊലീസ് ഇൻസ്‌പെക്ടർമാരായ ശരവണന്റെയും കൃഷ്ണകുമാരിയുടെയും മുന്നില്‍വെച്ചായിരുന്നു കൊലപാതകം.
കൊലപാതകശേഷം സുര്‍ജിത് പൊലീസില്‍ കീഴങ്ങി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ശരവണനെയും കൃഷ്ണകുമാരിയെയും കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു എങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച തമിഴ്നാട് പൊലീസ് ശരവണനെയും കൃഷ്ണകുമാരിയെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തന്റെ മകന് നീതി നടപ്പാക്കുകയാണ് വേണ്ടതെന്നും അല്ലാതെ നഷ്ടപരിഹാരമല്ലെന്നും കവിന്റെ പിതാവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാര തുക സ്വീകരിക്കാനും കവിന്റെ മൃതദേഹം ഏറ്റെടുക്കാനും ചന്ദ്രശേഖരനും മറ്റ് ബന്ധുക്കളും തയ്യാറായില്ല. പരിശോധനയ്ക്കായി കവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
'എന്റെ മകന്‍ കവിനും സുഭാഷിണിയും പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ മുതല്‍ പരിചയക്കാരാണ്. ആദ്യം ഞങ്ങളും ഈ ബന്ധത്തോട് താത്പര്യപ്പെട്ടിരുന്നില്ല. കവിനോടും ഇതില്‍ നിന്ന് ഒഴിവാകാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടി അവനുമായി ബന്ധം പുലര്‍ത്തി വരികയായിരുന്നു. മൊബൈല്‍ ഫോണിലൂടെ കവിന്‍ രഹസ്യമായി പെണ്‍കുട്ടിയോട് സംസാരിച്ചിരുന്നു. അവളെ കാണാന്‍ വാഹനമെടുത്ത് പോകാറുണ്ടായിരുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ പെണ്‍കുട്ടിയെയും ഉള്‍പ്പെടുത്തി അന്വേഷണം നടത്തണം,'' ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ശരവണനെയും കൃഷ്ണകുമാരിയെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും തങ്ങളുടെ ആവശ്യം പരിഗണിക്കുന്നത് വരെ കവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ചന്ദ്രശേഖരനും ബന്ധുക്കളും വ്യക്തമാക്കി.
2017 മുതല്‍ 2025 വരെ തമിഴ്‌നാട്ടില്‍ 58 ഇത്തരത്തിലെ ദുരഭിമാന കൊലകളുണ്ടായിട്ടുണ്ടെന്ന് ദളിതരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ എവിഡന്‍സിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എ കതിര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ''എന്നാല്‍ ഏഴ് പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇപ്പോഴത്തെ തിരുനെല്‍വേലി കേസില്‍ രണ്ട് പൊലീസ് എഐമാരാണ് പ്രതിസ്ഥാനത്തുള്ളത്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമുണ്ട്,'' കതിര്‍ പറഞ്ഞു.