തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം. പൊട്ടിക്കരഞ്ഞുകൊണ്ടുള്ള നടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നായ്ക്കളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നടി പറയുന്നു. ഇന്ത്യ പോലൊരു രാജ്യം ഇത്തരമൊരു കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കരുതിയില്ലെന്നും സദ വ്യക്തമാക്കി.
നടിയുടെ വാക്കുകൾ ഇങ്ങനെ,' മൃഗസ്നേഹികളും, അതായത് പ്രാദേശിക എൻജിഓകളും, അവരുടെ കമ്മ്യൂണിറ്റികളിലെ നായ്ക്കളെയും പൂച്ചകളെയും വന്ധ്യംകരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു. നായ്ക്കൾക്കും പൂച്ചകൾക്കും അസുഖം വന്നാൽ അവയ്ക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അവർ ഉറപ്പാക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് ഇതെല്ലാം ഈ സംഘടനകളെല്ലാം ചെയ്യുന്നത്. ഈ കാര്യങ്ങളിലൊന്നും സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ല. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നതുകൊണ്ടാണ് ഇത് പറയുന്നത്. പ്രത്യേകിച്ചൊരു പ്രദേശത്തെ നായ്ക്കളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. കാരണം പുതിയ കുഞ്ഞുങ്ങൾ ജനിച്ചാൽ അവയെ ദത്തെടുപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി മാറും.' നടി പറഞ്ഞു.
'ചില പ്രത്യേക നായ പ്രേമികൾക്ക് നന്ദി, ഈ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് യഥാർഥത്തിൽ ഉത്തരവാദികൾ നിങ്ങളാണ്. നിങ്ങൾ ഒരു ബ്രീഡ് നായയെയോ പൂച്ചയെയോ വാങ്ങുന്ന ഓരോ തവണയും, തെരുവില്‍ വളരുന്ന പൂച്ചക്കുട്ടിയുടെയോ നായക്കുട്ടിയുടെയോ അവസരം ഇല്ലാതാക്കുകയാണ്. ഇത് നിങ്ങളുടെ അസൂയയാണ്. നിങ്ങളുടെ വീട്ടിൽ നല്ലൊരു നായ വേണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അക്കാരണത്താൽ ഈ തെരുവുനായ്ക്കൾ തെരുവുനായ്ക്കളായിത്തന്നെ അവശേഷിക്കുന്നു. അതുകൊണ്ട് നിങ്ങളെ മൃഗസ്‌നേഹികളെന്നോ നായ പ്രേമികളെന്നോ വിളിക്കരുത്.ഈ വിധി ഇതിനോടകം വന്ന സ്ഥിതിക്ക്, ഇത് എങ്ങനെ സാധ്യമാകുമെന്ന് എനിക്കറിയില്ല. തെരുവുകളിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ ശ്രമിക്കുന്നവരെ പൊലീസ് കൂട്ടിക്കൊണ്ടുപോകുന്നു. അതുകൊണ്ട് ഇത് എങ്ങനെ നടക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഇത് സഹാനുഭൂതിയുടെ മരണമായിരിക്കും. നായ്ക്കൾ എന്തെല്ലാം അനുഭവിക്കുമെന്ന് ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുകയാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട് ഇത്തരമൊരു കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല." സദ കൂട്ടിച്ചേർത്തു.