മൊത്തം 64 സീറ്റുകളിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതെന്ന് ഉത്തര്‍പ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഇ) കിഞ്ചല്‍ സിംഗ് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ നിർദ്ദേശിച്ചുകൊണ്ട് ഡിഎംഒമാര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതത് ജില്ലാ ഭരണകൂടം നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സീറ്റുകള്‍ അനുവദിച്ചത്. സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളില്‍ നിന്നല്ലാത്ത ഉദ്യോഗാര്‍ത്ഥികളും വ്യാജ രേഖ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. യുപി നീറ്റ് യുജി ആദ്യ റൗണ്ട് കൗണ്‍സിലിംഗില്‍ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.
advertisement
യുപി സര്‍ക്കാരിനുകീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായി എംബിബിഎസ് കോഴ്‌സിന്റെ സംസ്ഥാന ക്വാട്ടയില്‍ 4,442 സീറ്റുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ 2 ശതമാനം ഹൊറിസോണ്ടല്‍ സംവരണത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി സ്വാതന്ത്ര്യ സമര ആശ്രിത ഉപവിഭാഗത്തില്‍ 88 സീറ്റുകള്‍ അനുവദിച്ചു. 71 പേര്‍ പ്രവേശ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിലാണിപ്പോള്‍ 64 സീറ്റുകളിലേക്കുള്ള പ്രവേശനം വിലക്കിയത്.
സംഭവത്തില്‍ വ്യാജ രേഖ സമര്‍പ്പിച്ചതായി കണ്ടെത്തിയ ആഗ്ര, ഗാസിപൂര്‍, ബല്ലിയ, ഭദോഹി, മീററ്റ്, സഹാറന്‍പൂര്‍, പ്രയാഗ്‌രാജ, വാരണാസി, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ എന്നീ പത്ത് ജില്ലകളിലേക്ക് കത്തയച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 64 രേഖകള്‍ വ്യാജമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ കണ്ടെത്തി.