മധ്യപ്രദേശില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ അന്തര്‍സംസ്ഥാന സൈബര്‍ കുറ്റകൃത്യങ്ങളുടെ പിന്നിലുള്ള സംഘത്തിന്റെ കേന്ദ്രമാണ് നൂഹ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യപ്രദേശ് പൊലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് ഈ റാക്കറ്റിന്റെ സൂത്രധാരന്മാരെ നൂഹില്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ വിന്ധ്യ, മഹാകോശല്‍ എന്നീ മേഖലകളില്‍ നിന്നുള്ളവരുടെ 1,000-ത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണം സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമായി സൈബര്‍ തട്ടിപ്പ് സംഘം മ്യൂള്‍ അക്കൗണ്ടുകളായി ഉപയോഗിച്ചു. കേസില്‍ മധ്യപ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 25-ലധികം പേരെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. നിലവില്‍ അന്വേഷണം നൂഹിലെ മുഖ്യ സൂത്രധാരന്മാരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
advertisement
അന്വേഷണം പുരോഗമിക്കുമ്പോള്‍ നൂഹ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ സൈബര്‍ കുറ്റകൃത്യങ്ങളുടെ സൂത്രധാരന്മാരെന്ന് വ്യക്തമാകുന്നതായി അന്വേഷണ സംഘത്തില്‍ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ സംഘം മധ്യപ്രദേശില്‍ നിന്നുള്ള സിം കാര്‍ഡുകളും മ്യൂള്‍ അക്കൗണ്ടുകളും കൂടുതലായി ശേഖരിച്ച് തങ്ങളുടെ അന്തര്‍സംസ്ഥാന റാക്കറ്റിനായി ഉപയോഗിച്ചുവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഗുരുഗ്രാമിലെ ഒരു ഫ്ളാറ്റില്‍ അനധികൃതമായി കോള്‍ സെന്റര്‍ നടത്തിയിരുന്ന നൂഹില്‍ നിന്നുള്ളയാള്‍ ആളുകളെ കോള്‍ ചെയ്ത് കബളിപ്പിച്ചിരുന്നു. മധ്യപ്രദേശിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകര്‍ നല്‍കിയ സിം കാര്‍ഡുകള്‍ പാറ്റ്‌ന ആസ്ഥാനമായുള്ള ഇടനിലക്കാര്‍ വഴിയാണ് സംഘത്തിലെ പ്രധാനികളിലേക്ക് എത്തിയത്. മ്യൂള്‍ ബാങ്ക് എക്കൗണ്ടുകള്‍ ഉപയോഗിച്ച് 3,000 കോടിയിലധികം രൂപ തട്ടിപ്പ് സംഘം കൈമാറിയതായും പോലീസ് പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിച്ചതും മതപരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതുമായ ഫണ്ടുകളും ഉറവിടമില്ലാത്ത പണവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ചിലത് തീവ്രവാദത്തിന് ഉപയോഗിച്ചതായും സംശയിക്കുന്നുണ്ട്. ഭീമമായ തുക മ്യൂള്‍ അക്കൗണ്ട് വഴി വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. തട്ടിപ്പുകാര്‍ ഹൈദരാബാദിലും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലും ഷെല്‍ കമ്പനികള്‍ നടത്തിയതായും വിവരമുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാര്‍ഖണ്ഡിലെ ജംതാര ആയിരുന്നു ഇത്തരം കുറ്റകൃത്യങ്ങളുടെ കേന്ദ്രം. എന്നാല്‍ കര്‍ശന നടപടികള്‍ കാരണം പശ്ചിമബംഗാളില്‍ പുതിയ ഹോട്‌സ്‌പോട്ടുകള്‍ ഉണ്ടായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂഹും സമീപത്തെ രാജസ്ഥാന്‍ ജില്ലകളും സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹബ്ബായി മാറിയെന്ന് സൈബര്‍ ക്രൈം സെല്‍ എസ്പി പ്രണയ് നാഗ്‍വന്‍ഷി പറഞ്ഞു.
