അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എഐ171 വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തിന് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് 'മേയ് ഡേ' മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോള്‍ പൈലറ്റ് 'മേയ് ഡേ' മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.
വിമാനത്തിന്റെ ഒരു എഞ്ചിന്‍ ആണ് തകരാറിലായതെങ്കില്‍ പൈലറ്റുമാര്‍ക്ക് അടുത്തുള്ള വിമാനത്താവളത്തിലോ റണ്‍വേയിലോ വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയുമെന്ന് വ്യോമയാന വിദഗ്ധര്‍ പറഞ്ഞതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
advertisement
വിമാനത്തിന്റെ വേഗതയിലെ വ്യത്യാസവും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മാറുമ്പോഴും വ്യത്യസ്ഥ അന്തരീക്ഷ താപനിലയിലും ഉയരത്തിലും വിമാനത്തിന്റെ വേഗതയില്‍ മാറ്റം വരുമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടത്തരം വലിപ്പമുള്ള ഇരട്ട എഞ്ചിന്‍ വൈറ്റ് ബോഡി ജെറ്റ് വിമാനമാണിത്. ഇന്ധന കാര്യക്ഷമത, യാത്രാസൗകര്യം, ഇലക്ട്രിക് ഡിമ്മിങ് സൗകര്യമുള്ള വലിയ വിന്‍ഡോ പോലുള്ള ആകര്‍ഷകമായ ഡിസൈന്‍ തുടങ്ങിയ കാര്യങ്ങളില്‍ പേര്‌കേട്ട വിമാനമാണ് 787-8 ഡ്രീംലൈനര്‍. അതുകൊണ്ടുതന്നെ ഒരു ഡ്രീംലൈനര്‍ അപകടത്തില്‍പ്പെടുന്നത് അവിശ്വസനീയമാണെന്നും വിദഗ്ധര്‍ പറയുന്നു.
അപകടത്തിന്റെ വ്യാപ്തി വളരെ വലുതാണ്. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിമാനം ഒരു മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയതിനാല്‍ അവിടെയും ആളപായമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തെ ബിജെ മെഡിക്കല്‍ കേളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നാണ് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍സ് (എഫ്എഐഎംഎ) പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അപകടം. അതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനം തകര്‍ന്ന് കെട്ടിടത്തിലേക്ക് പതിച്ച സമയത്ത് താന്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് സിഎന്‍എന്‍ ന്യൂസ് 18-നോട് പറഞ്ഞു. അപകട സ്ഥലത്തുണ്ടായിരുന്ന ഹര്‍ഷിത്തിന്റെ സുഹൃത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിമാനം തകര്‍ന്ന കെട്ടിടത്തില്‍ റെസിഡന്റ് ഡോക്ടര്‍മാരെ താമസിപ്പിച്ചിരുന്നതായി ഹര്‍ഷിത് പറഞ്ഞു.