അഹമ്മദാബാദ് വിമാന അപകടം; എന്താണ് പൈലറ്റ് നല്‍കിയ മേയ്‌ഡേ കോള്‍? അതിന് ശേഷം സംഭവിക്കുന്നതെന്ത്?
- Published by:ASHLI
- news18-malayalam
Last Updated:
ഒരു വിമാനത്തില്‍ നിന്നോ പൈലറ്റില്‍ നിന്നോ ക്രൂവില്‍ നിന്നോ ഒരു മേയ്ഡേ കോള്‍ വരുമ്പോള്‍ അത് അന്താരാഷ്ട്ര തലത്തില്‍ വ്യോമയാന അടിയന്തര ഇടപെടല്‍ സൂചിപ്പിക്കുന്നു
അഹമ്മദാബാദ് വിമാന അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മേയ്ഡേ സന്ദേശം അയച്ചിരുന്നതായി റിപ്പോര്‍ട്ട്. ''ടേക്ക് ഓഫ് ചെയ്ത് ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക്(എടിസി) എയര്‍ ഇന്ത്യ വിമാനം എഐ171ന്റെ ക്രൂ മേയ്‌ഡേ സന്ദേശം അയച്ചിരുന്നു. എന്നാല്‍, വിമാനത്തിലേക്ക് എടിസി തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല,'' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) പ്രസ്താവനയില്‍ അറിയിച്ചു.
എന്താണ് 'മേയ്ഡേ' സന്ദേശം?
ഒരു വിമാനത്തില്‍ നിന്നോ പൈലറ്റില്‍ നിന്നോ ക്രൂവില്‍ നിന്നോ ഒരു മേയ്ഡേ കോള്‍ വരുമ്പോള്‍ അത് അന്താരാഷ്ട്ര തലത്തില്‍ വ്യോമയാന അടിയന്തര ഇടപെടല്‍ സൂചിപ്പിക്കുന്നു. ജീവന് ഭീഷണിയുള്ള അടിയന്തരാവസ്ഥയെ സൂചിപ്പിക്കാന്‍ 'മേയ്‌ഡേ, മേയ്‌ഡേ, മേയ്‌ഡേ' എന്ന് മൂന്ന് തവണ ആവര്‍ത്തിക്കുന്നു. ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തെ സൂചിപ്പിക്കുന്നതിന് പാന്‍-പാന്‍ എന്നാണ് നല്‍കുക.
സാധാരണയായി വിഎച്ച്എഫ് റേഡിയോ ഫ്രീക്വന്‍സിയില്‍(അന്താരാഷ്ട്രതലത്തില്‍ 121.5 മെഗാ ഹെട്‌സ് അല്ലെങ്കില്‍ ഉചിതമായ എടിസി ഫ്രീക്വന്‍സിക്ക് സമാനം) പൈലറ്റ്-ഇന്‍-കമാന്‍ഡ്(PIC) കോള്‍ ചെയ്യുന്നു. മേയ്‌ഡേ എന്ന് മൂന്ന് തവണ ആവര്‍ത്തിക്കുന്നു. വിമാനം തിരിച്ചറിയാനുള്ള അടയാളങ്ങള്‍, അടിയന്തരാവസ്ഥയുടെ സ്വഭാവം, ഉദ്ദേശ്യം(ഉദാഹരണത്തിന് അടിയന്തര ലാന്‍ഡിംഗ്), സ്ഥാനം, ഉയരം, ഹെഡ്ഡിംഹ്, വിമാനത്തിലുള്ള ആളുകളുടെ എണ്ണം, മറ്റ് നിര്‍ണായക വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
മേയ്‌ഡേ കോളിന് ശേഷം എന്താണ് സംഭവിക്കുന്നത്?
അപകടാവസ്ഥയിലുള്ള വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ പൂര്‍ണമായും മുന്‍ഗണന നല്‍കുന്നു. ഈ പാതയില്‍ നിന്ന് മറ്റ് വിമാനങ്ങളെ ഒഴിവാക്കുന്നു. ഇത് ഏറ്റവും അടുത്തുള്ള ലാന്‍ഡിംഗിന് അനുയോജ്യമായ വിമാനത്താവളത്തിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ പ്രാദേശിക അധികാരികളുമായി(എയര്‍പോര്‍ട്ട് ഫയര്‍/റെസ്‌ക്യു, ആംബുലന്‍സ് തുടങ്ങിയ) ചേര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേന്ദ്രങ്ങളെയും അടിയന്തര പ്രതികരണ സംഘങ്ങളെയും അറിയിക്കുന്നു. വിമാനം ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഇടത്തേക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേവനങ്ങള്‍ വിന്യസിക്കുന്നു. വാട്ടര്‍ ലാന്‍ഡിംഗ് അല്ലെങ്കില്‍ ക്രാഷോ ഉണ്ടായാല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.
advertisement
ഇതിന് ശേഷം പൈലറ്റ് സാഹചര്യം മനസ്സിലാക്കി(എഞ്ചിന്‍ തകരാര്‍, തീപ്പിടിത്തം, മെഡിക്കല്‍ സാഹചര്യം) അടിയന്തരമായുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നു. അതനുസരിച്ച് തിരിച്ചു വരിക, വഴിതിരിച്ച് വിടുക, അല്ലെങ്കില്‍ അടിയന്തര ലാന്‍ഡിംഗ് എന്നിവയ്ക്ക് ശ്രമിക്കുകയും ചെയ്യും. വിമാനത്തിലുള്ള ജീവനക്കാര്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയും സജ്ജരാക്കുകയും ചെയ്യും.
ആവശ്യമെങ്കില്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നു. യാത്രക്കാരുടെ എണ്ണം എടുക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നു. പൈലറ്റ് വ്യോമയാന അധികാരികള്‍ക്ക് സംഭവം സംബന്ധിച്ച് നിര്‍ബന്ധിത റിപ്പോര്‍ട്ട് നല്‍കും. അടിയന്തരാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഒരു അന്വേഷണവും നടത്തിയേക്കാം.
advertisement
ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് വ്യാഴാഴ്ച നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 12, 2025 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അഹമ്മദാബാദ് വിമാന അപകടം; എന്താണ് പൈലറ്റ് നല്‍കിയ മേയ്‌ഡേ കോള്‍? അതിന് ശേഷം സംഭവിക്കുന്നതെന്ത്?