മൃതദേഹം തൂക്കിനോക്കി വിലപേശൽ: എയർ ഇന്ത്യക്കെതിരെ പ്രതിഷേധം
മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മിക്ക രാജ്യങ്ങളും സ്വന്തം പൗരൻമാരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമ്പോൾ എയർ ഇന്ത്യ വാങ്ങുന്നത് ഒന്നരലക്ഷം രൂപ വരെയായിരുന്നു. അതായത് പെട്ടി ഉൾപ്പെടെ തൂക്കുമ്പോൾ ഒരു കിലോയ്ക്ക് 300 രൂപ വച്ച്. ഇതിന് പുറമെ എംബാംമിഗും കൂടെ വരുന്ന ആളുടെ ടിക്കറ്റ് നിരക്കും കൂടിയാകുമ്പോഴാണ് ലക്ഷങ്ങളുടെ കണക്ക് വരുന്നത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശത്തേക്ക് ചേക്കേറുന്നവർ അവിടെ വച്ച് മരണപ്പെട്ടാൽ നാട്ടിലുള്ള ബന്ധുക്കളാകും കടക്കെണിയിലാവുക. മൃതദേഹം തൂക്കിനോക്കി എയർ ഇന്ത്യ വിലയിടുമ്പോൾ നാട്ടിലുള്ളവർ ചിലവിടേണ്ടി വരുക ലക്ഷങ്ങൾ. എയർഇന്ത്യ നിരക്ക് ഏകീകരിക്കാൻ തയ്യാറായതോടെ ഈ അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്.
advertisement
ഈ വിഷയവുമായി ബന്ധപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ കെ.എം ബഷീറിന്റെ നേതൃത്വത്തില്‍ പാര്‍ലിമെന്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. സാമൂഹിക പ്രവർത്തകരുടെ കനിവിലാണ് പലപ്പോഴും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ചില സാഹചര്യങ്ങളിൽ ബന്ധുക്കൾക്ക് കാണാൻ പോലും അവസരം ലഭിക്കാതെ വിദേശത്ത് തന്നെ സംസ്കരിക്കേണ്ടതായും വരുന്നു. ഇതിനെല്ലാം അറുതി വരുത്താനാണ് ഇപ്പോൾ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.