അജിത് പവാർ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായി മാറിയത്.
ഇതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.
പുറത്തുവന്ന വീഡിയോയിൽ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഒരു എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ സംസാരിച്ചത്. നടപടികൾ നിർത്തിവയ്ക്കണമെന്നും ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും പറയുന്നുണ്ട്. പക്ഷെ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞില്ല.
അതിനാൽ, തന്റെ നമ്പറിലേക്ക് വിളിക്കാനും ഇവർ അജിത് പവാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ദേഷ്യത്തിലായ ഉപമുഖ്യമന്ത്രി 'നിങ്ങള്‍ക്കെതിരേ ഞാന്‍ നടപടി സ്വീകരിക്കും' എന്ന് ഉദ്യോഗസ്ഥയോട് പറഞ്ഞു. ''നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെ വാട്‌സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു'' എന്നും അജിത് പവാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
advertisement
അജിത് പവാറിനെതിരെ ഉയർന്ന ഭീഷണി വിവാദത്തിൽ അദ്ദേഹത്തെ ന്യായീകരിച്ചിരിക്കുകയാണ് എൻസിപി. അതേസമയം, അജിത് പവാറിൻ്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായ അവകാശമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അജിത് പവാർ മഹാരാഷ്ട്രയെ കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, എൻസിപി നേതാവ് സുനിൽ താക്കറെയും ബിജെപി നേതാവ് ചന്ദ്രശേഖർ ഭവാൻകുളെയും അജിത് പവാറിനെ പിന്തുണച്ച് രംഗത്തെത്തി. ഭീഷണിപ്പെടുത്തുകയായിരുന്നില്ല, മറിച്ച് അത് അദ്ദേഹത്തിൻ്റെ സാധാരണ സംസാരരീതിയാണെന്ന് സുനിൽ താക്കറെ പറഞ്ഞു. "ഇതേ സ്വരത്തിലാണ് അദ്ദേഹം ഞങ്ങളോടും സംസാരിക്കാറുള്ളത്. ആ ഉദ്യോഗസ്ഥ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരെ കുറ്റപ്പെടുത്തുന്നില്ല. ജനാധിപത്യത്തിൽ ജനങ്ങൾ അവരുടെ പരാതികൾ പറയും. അതാണ് അജിത് പവാർ ഉദ്യോഗസ്ഥരുമായി സംസാരിച്ചത്," അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അഞ്ജന കൃഷ്ണ മഹാരാഷ്ട്രയിലെ കര്‍മല ഡിഎസ്പിയായാണ് പ്രവര്‍ത്തിക്കുന്നത്. 2022-ലാണ് സിവില്‍സര്‍വീസ് നേടിയത്.