ഇയാളെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മധ്യപ്രദേശിലെ മോവ് ടൗണില്‍ ഏകദേശം 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലായാണ് ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് യാങ്‌ചെന്‍ ഡോള്‍ക്കര്‍ ബൂട്ടിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിക്ഷേപത്തിന്റെ മറവില്‍ ആളുകളില്‍ നിന്ന് പണം വാങ്ങി 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. രണ്ട് വര്‍ഷത്തോളം മോവ് ടൗണില്‍ നിക്ഷേപ കമ്പനി നടത്തിയിരുന്ന ഹമൂദ് അഹമ്മദ് സിദ്ദിഖി മൂന്നാമത്തെ വര്‍ഷം കുടുംബത്തോടൊപ്പം നഗരം ഉപേക്ഷിച്ച് ഒളിവില്‍ പോയതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
advertisement
25 വര്‍ഷം മുമ്പ് 2000-ലാണ് തട്ടിപ്പ് നടന്നത്. നഗരത്തിലെ പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 50-കാരനായ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പഴയ ക്രിമിനല്‍ കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് നാലംഗ ഉദ്യോഗസ്ഥ സംഘം ഇയാളെ അറസ്റ്റു ചെയ്തതെന്നും പോലീസ് അറിയിച്ചു.
അല്‍ ഫലാ സര്‍വകലാശാല ചാന്‍സലറായ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ ഇളയ സഹോദരനാണ് പ്രതിയെന്നും എസ്‍പി അറിയിച്ചു. എന്നാല്‍ 2000-ല്‍ നടന്ന തട്ടിപ്പ് കേസുകളുമായി ജവാദ് അഹമ്മദ് സിദ്ദിഖിക്ക് യാതൊരു ബദ്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിപ്പ് കേസുകള്‍ കൂടാതെ 1988-ലും 89-ലും കലാപം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി മോവ് പൊലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി ഇയാളുടെ പേരിലുണ്ട്. 2019-ല്‍ ഹമൂദ് സിദ്ദിഖിയെ പിടിക്കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ഹമൂദ് ഒരു സ്വകാര്യ കമ്പനി നടത്തുന്നുണ്ട്. മോവ് സ്വദേശിയായ ഇയാള്‍ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ശേഷം അവിടെയുള്ള ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ല. രണ്ടരപതിറ്റാണ്ടായി അന്വേഷണ സംഘം ഇയാളെ തേടുകയായിരുന്നു.
ഡല്‍ഹി സ്‌ഫോടന കേസില്‍ ജാവാദ് സിദ്ദിഖിയുടെ കുടുംബ പശ്ചാത്തലം അന്വേഷിച്ച് തുടങ്ങിയപ്പോഴാണ് ഹമൂദിന്റെ അറസ്റ്റ്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയാന്‍ ഇയാളെ സഹായിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സംഘം.
