സ്വന്തം കുട്ടിയെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുഃഖം മാതാപിതാക്കൾക്ക് വേറെയില്ല. വളരെ ചെറിയൊരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോഴുള്ള വേദന അതിലും ആഴത്തിലുള്ളതാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമുക്ക് കേരളത്തിൽ നിന്നുള്ള ആലിൻ ഷെറിൻ അബ്രഹാം എന്ന കുരുന്നു പെൺകുട്ടിയെ നഷ്ടമായി.ആലിന്റെ മാതാപിതാക്കളുടെ വേദന വാക്കുകൾക്ക് അതീതമാണെങ്കിലും, അവയവദാനമെന്ന അവരുടെ മഹത്തായ തീരുമാനം അവരുടെ വിശാലമായ ചിന്താഗതിയെയും വ്യക്തിത്വത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു
ആലിൻ ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ അവളുടെ പേര് അഭിമാനപൂർവ്വം രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ്. "അവയവദാനത്തെക്കുറിച്ചുള്ള അവബോധം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. മെഡിക്കൽ ഗവേഷണങ്ങൾക്കും ഇത് വലിയ കരുത്ത് നൽകുന്നു. അവയവദാനത്തിലൂടെ മറ്റൊരാൾക്ക് പുതുജീവൻ നൽകിയ ആലിനെപ്പോലെയുള്ള നിരവധി ആളുകൾ നമുക്കിടയിലുണ്ട്," അദ്ദേഹം പറഞ്ഞു .
advertisement
പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായിരുന്നു ആലിൻ.ഫെബ്രുവരി 5-ന് കോട്ടയം പള്ളത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.അമ്മയ്ക്കും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിന്റെ വാഹനത്തിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിൽ ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ദിവസങ്ങൾ നീണ്ട തീവ്രപരിചരണത്തിന് ഒടുവിൽ ഫെബ്രുവരി 13-ന് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അവസ്ഥ ബോധ്യപ്പെട്ട ഉടൻ തന്നെ മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കൾ അരുൺ അബ്രഹാമും ഷെറിൻ ആനും അവയവദാനത്തിന് സമ്മതം മൂളുകയായിരുന്നു.
കുഞ്ഞിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിലെ കുട്ടിക്ക് നൽകി. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും കണ്ണുകൾ അമൃത ആശുപത്രിയിലുമാണ് മാറ്റിവെക്കുന്നത്.
