22 അടി നീളവും 11 അടി വീതിയിലും തയ്യാറാക്കിയ പതാകയിൽ സനാതന ധർമത്തിന്റെ കേന്ദ്രബിന്ദുവായ ഓം, സൂര്യൻ, കോവിദാരം വൃക്ഷം എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഓം , സൂര്യൻ എന്നിവ വ്യാപകമായി ഉപയോഗിച്ച് വരുന്നതാണെങ്കിലും കോവിദാരം വൃക്ഷം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഈ മരത്തിന് ഐതിഹ്യപരമായും പ്രാധാന്യമുണ്ട്. മന്ദാരവും പാരിജാതവും കൂട്ടിച്ചേർത്ത് കശ്യപ മഹർഷിയാണ് ഈ വൃക്ഷം സൃഷ്ടിച്ചതെന്നാണ് ഐതീഹ്യത്തിൽ പറയുന്നത്. പുരാതന ഗ്രന്ഥങ്ങളിൽ കോവിദാരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നാൽ ഐതീഹ്യത്തിന് അപ്പുറം ഈ വൃക്ഷത്തിന് വ്യക്തമായ ശാസ്ത്രീയ വശം കൂടിയുണ്ട്. ബൗഹിനിയ വേരിഗറ്റ ലിൻ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സീസൽപിനിയേസി കുടുംബത്തിലാണ് ഉൾപ്പെടുന്നത്. ആയുർവേദത്തിൽ ഈ വൃക്ഷം വളരെക്കാലമായി ഉപയോഗിച്ചു വരുന്നു. ആദ്യകാല വേദഗ്രന്ഥങ്ങളിൽ കോവിദാരത്തെ 'കാഞ്ചനാര' എന്നാണ് പരാമർശിച്ചിരിക്കുന്നത്.
advertisement
ആയുർവേദ മരുന്നുകൾ നിർമിക്കുന്നതിന് നൂറ്റാണ്ടുകളായി ഈ സസ്യം ഉപയോഗിച്ച് വരുന്നു. ലിംഫ് നോഡുകളുടെയും തൊണ്ടമുഴയുടെയും വീക്കം കുറയ്ക്കാൻ ഇതിന്റെ പുറംതൊലി നിർദേശിക്കുന്നു. ഇതിന്റെ പൂക്കളും മുകുളങ്ങളും ദഹന, ആർത്തവ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ, ഈ വൃക്ഷത്തിന്റെ ഇലകളും വിത്തുകളും ചർമപ്രശ്‌നങ്ങൾ പരിഹരിക്കുന്നതും രക്തദൂഷ്യം അകറ്റാനും ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. വായിൽ ഉണ്ടാകുന്ന രോഗങ്ങൾ ചികിത്സിക്കുന്നതിനായി മാതളനാരകത്തിന്റെ പൂവ്, ബബുൽ കായ്കൾ തുടങ്ങിയവയുമായി കോവിദാരം ചേർത്ത് തയ്യാറാക്കിയ മരുന്ന് ആയൂർവേദത്തിൽ നിർദേശിക്കുന്നുണ്ട്.
കോവിദാരം മനോഹരമായ ഇലപൊഴിയും വൃക്ഷമാണ്. ചാരനിറത്തിലുള്ള പുറംതൊലിയും ഹൃദയാകൃതിയിലുള്ള ഇലകളുമാണ് ഇതിനുള്ളത്. വസന്തകാലത്ത് പർപ്പിൾ നിറമുള്ള പൂക്കൾ ഇതിൽ വിരിയുന്നു. സിന്ധൂനദീതടം മുതൽ തുടങ്ങുന്ന ഉപഹിമാലയ മേഖലയിലാണ് ഈ മരം ധാരാളമായി വളരുന്നത്. എന്നാൽ ഇന്ത്യയിൽ എല്ലാ ഇടങ്ങളിലും ഇവ വളർന്നു കാണാറുണ്ട്. ഈ മരത്തിൽ ഫ്‌ലേവനോയ്ഡുകൾ, കെംഫെറോൾ ഡെറിവേറ്റീവുകൾ, ബീറ്റാ-സിറ്റോസ്റ്റെറോൾ, ലുപിയോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനം, രക്തചംക്രമണം, ശ്വസനം, മൂത്രം, ചർമ്മ സംബന്ധിയായ ചികിത്സകൾ എന്നിവയ്ക്ക് പ്രയോജനപ്പെടുത്തുന്നു.
മ്യാൻമർ, ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഇവ കണ്ടുവരുന്നു. ഓർക്കിഡ് മരമെന്നും കോവിദാരത്തിന് പേരുണ്ട്. 15 മീറ്റർ വരെ ഉയരം വയ്ക്കും.
