മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ എല്ലാ കോൺഗ്രസ് കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ആകെ 12 കൌൺസിലർമാരായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. ബിജെപി - കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമാകാതെ വന്നതോടെയാണ് ഇവർ ഒന്നടങ്കം ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ടവരാണ് ബിജെപിയിൽ ചേർന്നത്.
advertisement
പരമ്പരാഗത എതിരാളിയായ കോൺഗ്രസുമായി അംബർനാഥിൽ സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയുമായി സംഖ്യമുണ്ടാക്കാൻ ശ്രമിച്ചവരെ കോൺഗ്രസ് സസ്പെൻഡും ചെയ്തു. ഇതോടെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട 12 കൌൺസിലർമാരെ ബിജെപി പാർട്ടിയിലേക്ക് ക്ഷണിച്ചിതിന് പിന്നാലെ ഇവർ ബിജെപിയിൽ ചേരുകയായിരുന്നു.
ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയെ മറികടന്ന് കൗൺസിലിൽ ഭരണം പിടിക്കാനായിരുന്നു ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കാൻ ശ്രമിച്ചത്ഡിസംബർ 20ന് അംബർനാഥിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 27 സീറ്റോടെ ഷിൻഡെയുടെ ശിവസേനയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ശിവസേനയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ അംബർനാഥ് വികാസ് അഘാഡി (എവിഎ) എന്ന പേരിൽ ബിജെപി, തങ്ങളുടെ മുഖ്യ എതിരാളിയായ കോൺഗ്രസുമായി സ ഖ്യമുണ്ടാക്കി.ബിജെപി, കോൺഗ്രസ്, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർ ഒന്നിച്ചാണ് സഖ്യമുണ്ടാക്കിയത്. ഇതിൽ
ബിജെപിക്ക് 14ഉം, കോൺഗ്രസിന് 12ഉം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് നാലും സീറ്റാണ് ലഭിച്ചത്. ഇതിൽ കോൺഗ്രസിന്റെ 12 അംഗങ്ങളും ബിജെപിയിൽ ചേർന്നതോടെ ഫലത്തിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലിൽ നിന്ന് പുറത്താവുകയും ബിജെപിയുടെ അംഗസംഖ്യ ഉയരുകയും ചെയ്തു. എൻസിപി പിന്തുണയോടെ അംബർനാഥിൽ ബിജെപിക്ക് അധികാരം നേടാനുമാകും.
