അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ, ദിനേശ് യാദവ് എന്നയാൾ ഇതിനകം ഡോമിനോസ് പിസ ഔട്ട്‍ലെറ്റ് ആരംഭിച്ചിട്ടുണ്ട്. സസ്യാഹാര മാത്രമാണ് ഇവിടെ വിൽക്കുന്നത്. എന്നിട്ടും ഇവിടെ ഇപ്പോൾ തന്നെ നല്ല തിരക്കാണ്. ''ആദ്യ ദിവസം തന്നെ ഞാൻ ഏകദേശം 5,000 രൂപയുടെ ബിസിനസ് നടത്തി. റെസ്റ്റോറന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ട്'', ദിനേശ് യാദവ് മണി കൺട്രോളിനോട് പറഞ്ഞു.
Also read-കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിൽ ഹൈന്ദവ വിഭാഗം ആരാധന നടത്തി
advertisement
എന്നാൽ, രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള, മാൾ ഓഫ് അവാദിൽ പിസ ഹട്ട് ആരംഭിച്ചിരിക്കുന്ന അവധ് കുമാർ വർമ അൽപം നിരാശയിലാണ്. ക്ഷേത്രത്തിന് തൊട്ടടുത്തായി തന്റെ ഔട്ട്ലറ്റ് തുറക്കാൻ സാധിക്കാത്തതാണ് നിരാശക്ക് കാരണം. ''ഏകദേശം മൂന്ന് മാസം മുമ്പ്, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഈ ഷോപ്പ് തുറന്നതാണ്. ഇപ്പോൾ ഞങ്ങൾ രാംപഥിലേക്ക് മാറാനാകുമോ എന്ന് അന്വേഷിക്കുകയാണ്. ഇവിടെ സാമാന്യം നല്ല ബിസിനസ് ഉണ്ട്, എന്നാൽ അവിടെയാണെങ്കിൽ കച്ചവടം ഇനിയും കൂടും'', അവധ് കുമാർ വർമ പറഞ്ഞു. ഈ ഔട്ട്‍ലെറ്റിൽ തങ്ങൾ സസ്യാഹാരം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ഇവിടെ തങ്ങളുടെ ഔട്ട്ലറ്റുകൾ തുടങ്ങാൻ വലിയ ഭക്ഷ്യ ശൃംഖലകൾ ഇതിനകം ഞങ്ങളോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു കാര്യം നിർബന്ധമാണ്. അവർ പഞ്ച് കോസി പരിക്രമ പരിധിക്കുള്ളിൽ നോൺ-വെജ് ഭക്ഷണങ്ങൾ വിതരണം ചെയ്യാൻ പാടില്ല'', അയോധ്യയിലെ സർക്കാർ ഉദ്യോഗസ്ഥനായ വിശാൽ സിംഗ് മണി കൺട്രോളിനോട് പറഞ്ഞു. നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നവരിൽ ചിലർ ഇതിനകം തന്നെ ഈ പ്രദേശത്ത് ഔട്ട്‌ലെറ്റുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ഇവിടെ മാംസാഹാരം വിൽക്കാൻ സാധിക്കാത്തതിനാലാണ് കെഎഫ്‌സി അവരുടെ യൂണിറ്റ് അയോധ്യ-ലഖ്‌നൗ ഹൈവേയിൽ ആരംഭിച്ചത്. വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിൽക്കുകയാണെങ്കിൽ കെഎഫ്‌സിക്കും ഇവിടെ ഔട്ട്ലറ്റ് തുറക്കാനുള്ള സ്ഥലം നൽകാൻ ഞങ്ങൾ തയ്യാറാണ്'', വിശാൽ സിംഗ് പറഞ്ഞു.
അയോധ്യയിൽ മാത്രമല്ല, ഹരിദ്വാർ നഗരപരിധിക്കുള്ളിലും മാംസാഹാരം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎഫ്‌സി പോലുള്ള ഔട്ട്‌ലെറ്റുകൾ നഗരത്തിന് പുറത്ത്, ഹരിദ്വാർ-റൂർക്കി ഹൈവേയിലാണ് തങ്ങളുടെ യൂണിറ്റുകൾ തുറന്നിട്ടുള്ളത്.