മതപരിവര്‍ത്തനത്തിന് ശേഷം സംവരണം ലഭിക്കുന്നതിന് വേണ്ടി മാത്രം ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഉത്തരവും ബെഞ്ച് ചൂണ്ടിക്കാട്ടി. ജിതേന്ദ്ര സഹാനി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. രണ്ട് മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്നയാളാണ് സഹാനി.
യേശുക്രിസ്തുവിന്റെ വചനങ്ങള്‍ പ്രസംഗിക്കാന്‍ സ്വന്തം നാട്ടില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ അനുമതി തേടുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ പോലീസ് തന്നെ വ്യാജകേസില്‍ പെടുത്തിയതായും ഇയാള്‍ ഹര്‍ജിയില്‍ ആരോപിച്ചു.
advertisement
കെവാത്ത് സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരന്‍ തന്റെ സത്യവാങ്മൂലത്തില്‍ തന്റെ മതം ഹിന്ദുമതമാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രത്തില്‍ പോലീസ് ചേര്‍ത്ത സാക്ഷികളില്‍ ഒരാള്‍ സഹാനി ദരിദ്രരായ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചതായും മൊഴി നല്‍കി. ഇയാള്‍ ഹിന്ദു ദേവതകളെക്കുറിച്ച് അധിക്ഷേപകരവും അസംബന്ധവുമായ ഭാഷ ഉപയോഗിച്ചുവെന്നും സാക്ഷി ആരോപിച്ചു.
ഹിന്ദു, സിഖ്, അല്ലെങ്കില്‍ ബുദ്ധമതം എന്നിവ ഒഴികെയുള്ള ഒരു സമുദായത്തിലും പെട്ട വ്യക്തികളെ പട്ടികജാതി അംഗമായി കണക്കാക്കരുതെന്ന് 1950ലെ ഭരണഘടന ഉത്തരവിലെ പ്രസക്തമായ വ്യവസ്ഥകളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ പുരോഹിതനായിക്കെ കോടതി രേഖകളില്‍ ഹിന്ദുവാണെന്ന് അവകാശപ്പെട്ട് വ്യാജരേഖ ചമച്ചതിന് സഹാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഹൈക്കോടതി മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.
ഭാവിയില്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലങ്ങള്‍ നല്‍കുന്നത് തടയാന്‍ സഹാനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വിഷയങ്ങളും നിയമത്തിലെ വ്യവസ്ഥകളും കൃത്യമായി പരിശോധിച്ച് മുകളില്‍ സൂചിപ്പിച്ചത് പോലെ നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും ചുമതല നല്‍കി.
