അതേസമയം സ്ത്രീകളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും മില്ലിബെന്‍ പറഞ്ഞു. ” 2024 ലോകമെമ്പാടും തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന വര്‍ഷമാണ്. ഇന്ത്യയിലും അമേരിക്കയിലും നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു. പഴഞ്ചന്‍ ചിന്താഗതിക്കാരെ മാറ്റി മൂല്യത്തിനും വികസനത്തിനും പ്രാധാന്യം നല്‍കുന്നവരെ അധികാരത്തിലെത്തിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് തെരഞ്ഞെടുപ്പ്,” എന്നും അവര്‍ പറഞ്ഞു. ” ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തിന് പിന്തുണയ്ക്കുന്നുവെന്ന് എല്ലാവരും ചോദിക്കാറുണ്ട്. അതിന് ഉത്തരം ലളിതമാണ്. ഞാന്‍ ഇന്ത്യയെ വളരെയേറെ ഇഷ്ടപ്പെടുന്നു. ഇന്ത്യയ്ക്ക് പറ്റിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ്-ഇന്ത്യ ബന്ധം നിലനിര്‍ത്തുന്നതിലും അഗ്രഗണ്യനാണ് അദ്ദേഹം. അതുമാത്രമല്ല ആഗോള സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുന്നു. അതിനെല്ലാമുപരി സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാളു കൂടിയാണ് അദ്ദേഹം,” മില്ലിബെന്‍ പറഞ്ഞു.
advertisement
അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലെ ഒരു റാലിയില്‍ വെച്ചായിരുന്നു അദ്ദേഹം നിതീഷിനെതിരെ വിമര്‍ശനമുന്നയിച്ച്. നിതീഷിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. സംസ്ഥാന നിയമസഭയിലാണ് നിതീഷ് കുമാര്‍ അശ്ലീല പരാമര്‍ശം നടത്തിയത്. വനിതാ എംഎല്‍എമാരും സഭയില്‍ സന്നിഹിതരായിരുന്ന സമയത്താണ് നിതീഷ് അശ്ലീല പരാമര്‍ശം നടത്തിയത്. സ്ത്രീകളുടെ വിദ്യാഭ്യാസം എങ്ങനെയാണ് ജനസംഖ്യ നിയന്ത്രണത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്നത് സംബന്ധിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ബീഹാര്‍ സര്‍ക്കാര്‍ അടുത്തിടെ നടത്തിയ ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഭയില്‍ അവതരിപ്പിക്കവെയാണ് ഈ വിവാദ പരാമര്‍ശം. ഇദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാദ പ്രസ്താവനയില്‍ നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. ” രാജ്യത്തെ സ്ത്രീകളെ പ്രതിനിധാനം ചെയ്താണ് ഞങ്ങള്‍ സംസാരിക്കുന്നത്. നിതീഷ് കുമാർ മാപ്പ് പറയണം. അദ്ദേഹത്തിന്റെ പ്രസ്താവന സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന്,” രേഖ ശര്‍മ്മ പറഞ്ഞു. ” ഇത്തരം പരാമര്‍ശം നടത്തുന്ന നേതാവിന്റെ സംസ്ഥാനത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം പെരുമാറ്റത്തിനെതിരെ ഞങ്ങള്‍ ഉറച്ച് നില്‍ക്കും,” എന്നും രേഖ ശര്‍മ്മ പറഞ്ഞു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് നിതീഷ് രംഗത്തെത്തി. തന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. ഞാന്‍ ഈ വാക്കുകള്‍ തിരിച്ചെടുക്കുന്നു,” നിതീഷ് കുമാര്‍ പറഞ്ഞു.