തമിഴ്‌നാട്ടിൽ മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം കുന്നിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര അധികൃതരോട് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ഉത്തരവിട്ടിരുന്നു. അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ നൽകിയ പ്രമേയത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അമിത് ഷാ.
"ഒരു കേസ് തോറ്റാല്‍ അവര്‍ ജഡ്ജിയെ കുറ്റപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അവര്‍ ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നു. ആരും ഇവിഎമ്മിനെ ശ്രദ്ധിക്കാത്തതിനാല്‍ അവര്‍ വോട്ട് ചോരി ആരോപണം കൊണ്ടുവന്നു," ബുധനാഴ്ച ലോക്‌സഭയില്‍ പ്രതിപക്ഷത്തിനെതിരേ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു.
advertisement
"സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കല്‍ പോലും വിധി പ്രഖ്യാപിച്ചതിന് ഒരു ജഡ്ജി ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടേണ്ടി വന്നിട്ടില്ല. അവരുടെ വോട്ടർമാരെ പ്രീണിപ്പെടുത്താൻ അവര്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നു. രാജ്യത്തെ ജനങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ല," ഷാ കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി, പാര്‍ട്ടിയുടെ ലോക്‌സഭാ നേതാവ് ടി.ആര്‍. ബാലു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ ചേര്‍ന്നാണ് 120ലധികം എംപിമാര്‍ ഒപ്പുവെച്ച പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയത്.
പ്രമേയം എന്തിന്?
കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് തിരുപ്പരന്‍കുണ്ഡ്രത്ത് ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അരുള്‍മിഘു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ദീപം തെളിയിക്കുന്നത് തൊട്ടടുത്തുള്ള ദര്‍ഗയുടെയോ മുസ്ലീം സമൂഹത്തിന്റെയോ അവകാശങ്ങളിലുള്ള കടന്നുകയറ്റമാകില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡിസംബര്‍ 3ന് ഭക്തര്‍ക്ക് വിളക്ക് തെളിയിക്കാന്‍ അനുമതി നല്‍കി സിംഗിള്‍ ബെഞ്ച് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. ഭക്തര്‍ക്ക് സുരക്ഷയൊരുക്കാന്‍ സിഐഎസ്എഫിനോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ഉത്തരവിനെതിരേ തമിഴ്‌നാട്ടിലെ ഡി.എം.കെ. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഇതിന് പിന്നാലെ വിഷയം കഴിഞ്ഞയാഴ്ച ലോക്‌സഭയെ പിടിച്ചുകുലുക്കി. തമിഴ്‌നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടി.ആര്‍. ബാലു ആരോപിച്ചു. ആരാധനാ അവകാശം നിഷേധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എല്‍. മുരുകന്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരേ തിരിച്ചടിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ഡിസംബര്‍ അഞ്ചിന് സമ്മതിച്ചു.
ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ പെരുമാറ്റം നിഷ്പക്ഷത, സുതാര്യത, ജുഡീഷ്യറിയുടെ മതേതര നിലപാട് എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി പ്രമേയത്തില്‍ ആരോപിക്കുന്നു. ജസ്റ്റിസ് സ്വാമിനാഥന്‍ മുതിര്‍ന്ന അഭിഭാഷകന്‍ എം.ശ്രീചരണ്‍ രംഗനാഥനോട് 'അമിതമായി പക്ഷപാതം' കണിക്കുകയും കേസുകള്‍ തീര്‍പ്പാക്കുമ്പോള്‍ ഒരു പ്രത്യേക സമുദായത്തിലെ അഭിഭാഷകരെ അനുകൂലിക്കുകയും ചെയ്തുവെന്നും അതില്‍ ആരോപിക്കുന്നു.
