രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരോടും നുഴഞ്ഞുകയറ്റക്കാരോടുമുള്ള സർക്കാരിന്റെ നയം വ്യക്തമായി അമിത് ഷാ സഭയില്‍ പ്രഖ്യാപിച്ചു. 'കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക' എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അമിത് ഷാ പറഞ്ഞു. വോട്ടര്‍ പട്ടികയുടെ സമഗ്ര പരിഷ്‌കരണത്തെ (എസ്‌ഐആര്‍) പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താലാണെന്നും അമിത് ഷാ ആരോപിച്ചു.
അസം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍ അസാധാരണമാംവിധം മുസ്ലീം ജനസംഖ്യയിലുണ്ടായ വളര്‍ച്ചയും അമിത് ഷാ സഭയില്‍ ചൂണ്ടിക്കാട്ടി. 2011-ലെ സെന്‍സസ് ഡാറ്റ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തന്റെ അവകാശവാദത്തെ പിന്തുണച്ചു. നുഴഞ്ഞുകയറ്റമില്ലാതെ ഈ കണക്കുകള്‍ അസാധ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
advertisement
പൗരത്വ ഭേദഗതി നിയമത്തിലൂടെ (സിഎഎ) സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ അഭയാര്‍ത്ഥികളെയും സാമ്പത്തിക നേട്ടത്തിനോ അശാന്തി സൃഷ്ടിക്കുന്നതിനോ വേണ്ടി പ്രവേശിക്കുന്ന നുഴഞ്ഞുകയറ്റക്കാരെയും വ്യക്തമായി വേര്‍തിരിക്കാന്‍ അമിത് ഷാ ഈ അവസരം ഉപയോഗിച്ചു.
ഇന്ത്യ ഒരു ധര്‍മ്മശാല (അഭയകേന്ദ്രം) അല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. അതിര്‍ത്തി വേലി സ്ഥാപിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ വൈകിപ്പിച്ചും അനധികൃത താമസക്കാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് സൗകര്യമൊരുക്കിയും പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റത്തിന് സജീവമായി സൗകര്യമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്തിലോ രാജസ്ഥാനിലോ ഉള്ളതില്‍ നിന്നും വ്യത്യസ്ഥമായി പശ്ചിമബംഗാളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം തുടരുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇത്തരം രാഷ്ട്രീയ പ്രോത്സാഹനമാണെന്നും അമിത് ഷാ പറഞ്ഞു.
കുടിയേറ്റത്തിലെ പ്രശ്‌നങ്ങള്‍ക്കു പുറമേ ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേരെയുള്ള രൂക്ഷമായ വിമര്‍ശനവും അമിത് ഷാ സഭയില്‍ നടത്തി. ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസിനും വോട്ട് കൊള്ളയുടെ ചരിത്രമാണുള്ളതെന്നും അമിത് ഷാ പറഞ്ഞു. ഉദാഹരണങ്ങളായി മൂന്ന് സംഭവങ്ങളും അദ്ദേഹം ഉദ്ധരിച്ചു. നെഹ്‌റു പ്രധാനമന്ത്രിയായും ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ ജയിച്ചതും തുടര്‍ന്നുള്ള അലഹബാദ് ഹൈക്കോടതി വിധിയും സ്വയമൊരുക്കിയ നിയമപരിരക്ഷയും വോട്ട് മോഷണത്തിലൂടെയാണെന്ന് ഷാ ആരോപിച്ചു. സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് എങ്ങനെ വോട്ടറായി എന്നതിനെ കുറിച്ചുള്ള തര്‍ക്കവും ഷാ ചൂണ്ടിക്കാട്ടി.
ഇത് കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ എതിര്‍പ്പിനും പ്രതിഷേധങ്ങള്‍ക്കും കാരണമായി. രാഹുല്‍ ഗാന്ധിയും അമിത് ഷായും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കവും ഇതോടൊപ്പം സഭയില്‍ അരങ്ങേറി.
തിരഞ്ഞെടുപ്പുകളുടെ നീതിയുക്തത, ഇവിഎമ്മുകള്‍ (രാജീവ് ഗാന്ധിയുടെ കാലത്ത് അവതരിപ്പിച്ചത്), വിവിപാറ്റ് ഡാറ്റ എന്നിവയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ അടിസ്ഥാനരഹിതമായ ചോദ്യം ചെയ്യലുകള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന് ഷാ തിരിച്ചടിച്ചു. ബിജെപി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് സംഘടനയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ സമീപകാല പരാമര്‍ശങ്ങള്‍ക്കും അമിത് ഷാ സഭയില്‍ മറുപടി നല്‍കി. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്യാന്‍ സമര്‍പ്പിതമായ സംഘടനയാണ് ആര്‍എസ്എസ് എന്ന് അമിത് ഷാ വാദിച്ചു. സംഘടനയ്‌ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെയും ഷാ വിമര്‍ശിച്ചു.
തമിഴ്‌നാട്ടിലെ ദീപം വിവാദം, വന്ദേമാതരം പാരായണത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അമിത് ഷാ സംസാരിച്ചു. ഒരു ദേശീയ പ്രതീകത്തെ അനാദരിച്ചതിന് പ്രതിപക്ഷത്തെ ഷാ വിമര്‍ശിച്ചു. ജനാധിപത്യ ധാര്‍മ്മികതയോടുള്ള അഭാവമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷായുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപോകുകയായരുന്നു.
