രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് അമിത് ഷാ സഭയില്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഇന്ത്യയില്‍ വോട്ട് കൊള്ള നടന്നിട്ടുണ്ടെന്നും അത് ഒരിക്കലല്ല മൂന്ന് തവണയാണെന്നും അമിത് ഷാ പറഞ്ഞു. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും ഭരണകാലത്ത് തെരഞ്ഞെടുപ്പ് മോഷണം നടന്നതായി അമിത് ഷാ ആരോപിച്ചു. തലമുറകളായുള്ള വോട്ട് മോഷണം എന്നാണ് ആഭ്യന്തര മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
"വോട്ടര്‍ തട്ടിപ്പിന്റെ മൂന്ന് സംഭവങ്ങളെ കുറിച്ച് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ആദ്യത്തെ സംഭവം സ്വാതന്ത്ര്യത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. പ്രധാനമന്ത്രിയെ നിര്‍ണയിക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 28 വോട്ട് ലഭിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ തള്ളിയാണ് രണ്ട് വോട്ട് മാത്രം കിട്ടിയ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായത്", ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ നേരെ വോട്ട് മോഷണം ആരോപിച്ചുകൊണ്ട് ഷാ ലോക്‌സഭയില്‍ പറഞ്ഞു. പട്ടേലിന് ഭൂരിപക്ഷം ലഭിച്ചിട്ടും നെഹ്‌റു പ്രധാനമന്ത്രിയായത് വോട്ട് മോഷണമാണെന്ന് അമിത് ഷാ ആരോപിച്ചു.
advertisement
രാജ് നരേന്‍- ഇന്ദിരാഗാന്ധി കേസിലെ അലഹബാദ് ഹൈക്കോടതി വിധിയും അദ്ദേഹം ഉദ്ധരിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലി തെരഞ്ഞെടുപ്പിലെ ക്രമക്കേടില്‍ കുറ്റക്കാരിയാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടുള്ളതായിരുന്നു ആ വിധി. ഈ വിധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
1975 ജൂണ്‍ 12-ന് ജസ്റ്റിസ് ജഗമോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയുടെ റായ്ബറേലി ജയം അസാധുവാക്കികൊണ്ടും ആറ് വര്‍ഷത്തേക്ക് അവരെ വിലക്കികൊണ്ടും ഉത്തരവിറക്കി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന നിയമം കൊണ്ടുവന്ന് ഇന്ദിരാഗാന്ധി സ്വയം നിയമപരിരക്ഷ നല്‍കി. ഇത് രണ്ടാമത്തെ വോട്ട് മോഷണമാണെന്ന് അമിത് ഷാ പറഞ്ഞു. ഇത് നേരിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായെന്നും ഷാ വിശദീകരിച്ചു.
"നിങ്ങളുടെ സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് പരിരക്ഷയൊരുക്കിയത് എന്തിനാണെന്നതിന് ഒരു വിശദീകരണം നല്‍കാമോ? തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരിരക്ഷയെ കുറിച്ച് ഞാന്‍ സംസാരിക്കാം. ആദ്യം നിങ്ങള്‍ പ്രധാനമന്ത്രിക്ക് ഏര്‍പ്പെടുത്തിയ പ്രതിരോധത്തെ കുറിച്ച് പറയു. ഇന്ദിരാഗാന്ധി സ്വയം പ്രതിരോധം തീര്‍ത്തു", അമിത് ഷാ സഭയില്‍ പറഞ്ഞു.
വോട്ട് കൊള്ളയും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് താന്‍ നടത്തിയ പത്രസമ്മേളനങ്ങളിലെ ഉള്ളടക്കത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി അമിത് ഷായെ വെല്ലുവിളിച്ചതോടെയാണ് സഭയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം നടത്തുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പൂര്‍ണ്ണ പരിരക്ഷ നല്‍കിയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ഇതിനു പിന്നിലെ ചിന്ത എന്താണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും വോട്ട് മോഷണത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രസംഗിക്കാനും ചര്‍ച്ച നടത്താനും തയ്യാറല്ലെന്ന് വാദിച്ചുകൊണ്ട് അമിത് ഷാ ഇതിനെ ശക്തമായി എതിര്‍ത്തു. നിങ്ങളുടെ പിടിവാശിക്ക് പാര്‍ലമെന്റ് നടത്താന്‍ കഴിയില്ലെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി. എന്നാല്‍ അമിത് ഷായുടെ മറുപടി ഭയത്തില്‍ നിന്നുള്ളതും പ്രതിരോധാത്മകവുമാണെന്നും ആത്മാര്‍ത്ഥതയോടെയല്ലെന്നും രാഹുല്‍ തിരിച്ചടിച്ചു.
വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച സര്‍ക്കാരിന്റെ ശ്രമങ്ങളെ അമിത് ഷാ സഭയിൽ ന്യായീകരിച്ചു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള പ്രത്യേക നടപടിക്രമമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസ് ജയിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ചതാണ്. തോറ്റാല്‍ ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്താണ് വോട്ട് ചോരി, ചില കുടുംബങ്ങള്‍ തലമുറകളായി അത് ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു.
