സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇമെയില്‍ വിലാസം മാറ്റിയതായി അറിയിച്ചത്. ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ആളുകള്‍ ശ്രദ്ധിക്കാന്‍ തന്റെ പുതിയ ഔദ്യോഗിക ഇമെയില്‍ ഐഡിയും അദ്ദേഹം തന്റെ പോസ്റ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
"എല്ലാവര്‍ക്കും നമസകാരം, ഞാന്‍ സോഹോ മെയിലിലേക്ക് മാറിയിരിക്കുന്നു. എന്റെ ഇമെയില്‍ വിലാസത്തിലെ മാറ്റം ദയവായി ശ്രദ്ധിക്കുക", അമിത് ഷാ എക്‌സില്‍ കുറിച്ചു. ഇനി മുതല്‍ മെയിലുകള്‍ അയക്കുന്നതിന് amitshah.bjp@zohomail.in എന്ന ഇമെയില്‍ ഐഡി ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രി പോസ്റ്റിലൂടെ അറിയിച്ചു.
advertisement
സോഹോ മെയില്‍ എന്താണ് ?
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ ആരംഭിച്ച സുരക്ഷിത ഇമെയില്‍ സേവനമാണ് സോഹോ മെയില്‍. 1996-ല്‍ ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്ന് ആരംഭിച്ച സ്ഥാപനമാണ് സോഹോ കോര്‍പ്പറേഷന്‍.
സാങ്കേതികവിദ്യയിലും സോഫ്റ്റ്‍വെയര്‍ ബിസിനസിലും ഏകദേശം മൂന്ന് പതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള കമ്പനി ബിസിനസുകള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ലോകമെമ്പാടുമായി 18,000ത്തിലധികം ജീവനക്കാരും 130 ദശലക്ഷത്തിലധികം ഉപയോക്താക്കളും കമ്പനിക്കുണ്ട്. 2023-ല്‍ കമ്പനി സോഹോ മെയിലിന്റെ 15-ാം വര്‍ഷം ആഘോഷിച്ചിരുന്നു.
നേരത്തെ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും ധര്‍മേന്ദ്ര പ്രധാനും സോഹോയുടെ ഉത്പന്നങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വാട്‌സാപ്പിന് പകരമായി സോഹോയുടെ മെസേജിംഗ് ആപ്ലിക്കേഷനായ അരാട്ടൈ ഉപയോഗിച്ചു നോക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഗൂഗിള്‍ മെയിലിന് പകരം ഇന്ത്യന്‍ നിര്‍മ്മിത സോഹോ മെയിലിനെ പിന്തുണച്ച് അമിത് ഷായും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വാട്‌സാപ്പിന് പകരമായി അരാട്ടൈ ആപ്പ് ഉപയോഗിക്കുന്നതില്‍ പ്രധാന വെല്ലുവിളിയായിരുന്നത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയാണ്. എന്നാല്‍ ഇതും വൈകാതെ പരിഹരിക്കപ്പെടുമെന്നും ഈ സുരക്ഷാ സവിശേഷത അരാട്ടൈയ്ക്ക് ഉടന്‍ തന്നെ ലഭിക്കുമെന്നും കമ്പനി സിഇഒ ശ്രീധര്‍ വെമ്പു സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ അരാട്ടൈ വീഡിയോ കോളുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചാറ്റുകളുടെ കാര്യത്തിലും പരിമിതി മറികടക്കാനായാല്‍ വാട്‌സാപ്പിനെ മറികടന്ന് ഒരു ഇന്ത്യന്‍ ബദലാകാന്‍ അരാട്ടൈയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഹോ വര്‍ക്ക്‌സ്‌പെയ്‌സ്, സോഹോ മെയില്‍, സോഹോ സിആര്‍എം തുടങ്ങിയ ഉത്പന്നങ്ങളിലൂടെ മൈക്രോസോഫ്റ്റ്, സെയില്‍സ്‌ഫോഴ്‌സ്, ഗൂഗിള്‍ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുമായി മത്സരിച്ച ചരിത്രമാണ് സോഹോ കോര്‍പ്പിനുള്ളത്. സ്വദേശി ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് സോഹോ കോർപ്പറേഷനും അതിന്റെ ഉത്പന്നങ്ങളും.