തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അമുല്‍ നിഷേധിച്ചു. തിരുപ്പതി ദേവസ്ഥാനത്തേക്ക് തങ്ങള്‍ നെയ് വിതരണം ചെയ്തിട്ടില്ലെന്ന് അമുല്‍ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും അമുല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം നെയ്യ്, അരിപ്പൊടി, കടല മാവ് , കശുവണ്ടി, ബദാം, പാൽ എന്നിവ ഉപയോഗിച്ചാണ് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിര്‍മിക്കുന്നത്.
എന്നാൽ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. തുടർന്ന് അദ്ദേഹം ലഡു നിർമാണത്തിന് ഉപയോഗിക്കുന്ന നെയ്യ് ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു. ലാബ് റിപ്പോര്‍ട്ടില്‍ ലഡു നിര്‍മാണത്തിനായി മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.
advertisement
ശ്രീകോവിലിൻ്റെ മേൽനോട്ടം വഹിക്കുന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നായിഡുവിൻ്റെ അവകാശവാദം അംഗീകരിച്ചതോടെ ഈ വിഷയം വലിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. ട്രസ്റ്റിൽ നിന്ന് ലഭിച്ച നെയ്യുടെ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ള ലാബ് റിപ്പോർട്ട് തെലുങ്ക് ദേശം പാർട്ടി (ടിഡിപി) അംഗങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. മായം കലർന്ന നെയ്യ് വിതരണം ചെയ്യുന്ന കരാറുകാരനെ ക്ഷേത്ര ട്രസ്റ്റ് ബ്ലാക്ക് ലിസ്റ്റിൽ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവാദം ആളിക്കത്തിയതോടെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയവും രംഗത്തെത്തി.ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം ദേശീയതലത്തില്‍ തന്നെ ചർച്ചയായതോടെ ലാബ് റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് എവരും.