ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസ് എംഎല്‍എ അദേഷ് സിംഗ് ചൗഹാന്‍ രാമവിഗ്രഹത്തിന്റെ നിറത്തെപ്പറ്റിയുള്ള പരാമര്‍ശം നടത്തിയത്.
'' ഹൈന്ദവ രേഖകള്‍ പ്രകാരം രാമന് ഇരുനിറമാണ്. എന്നാല്‍ അയോധ്യയിലെ രാമന് നിങ്ങള്‍ കറുപ്പ് നിറമാണ് നല്‍കിയത്,'' എന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെ ബിജെപി മന്ത്രിമാരും മറ്റ് എംഎല്‍എമാരും കോണ്‍ഗ്രസിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ചര്‍ച്ച രൂക്ഷമായതോടെ സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയും ഏക സിവില്‍ കോഡ് ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പറയുകയും ചെയ്തു.
advertisement
'' ശ്രീരാമനെ അവഹേളിക്കുന്ന നിങ്ങളുടെ ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും'' അദ്ദേഹം പറഞ്ഞു.
ശ്രീരാമനെപ്പറ്റി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. തര്‍ക്കം രൂക്ഷമായതോടെ നിരവധി പേര്‍ സഭയ്ക്കുള്ളില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിലവില്‍ ഏക സിവില്‍കോഡ് ബില്ലിനെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും വിഷയത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും നിയമസഭാ സ്പീക്കര്‍ റിതു ഖണ്ഡൂരി പറഞ്ഞു.
ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ട ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്.
അഞ്ഞൂറിലേറെ വര്‍ഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2024 ജനുവരി 22 ല്‍ അവസാനമായത്. പ്രധാനമന്ത്രിയെ കൂടാതെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവരും ഗര്‍ഭഗൃഹത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തു.
കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്.
ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യയജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖരുടെ വന്‍നിര തന്നെ അയോധ്യയിലെത്തിയിരുന്നു.
അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത വിഗ്രഹത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ അരുണ്‍ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിര്‍മിച്ചത്. കേദാര്‍നാഥില്‍ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും അരുണ്‍ യോഗിരാജ് ആണ് നിര്‍മിച്ചത്. കൃഷ്ണശിലയില്‍ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്.