"നിതീഷ് കുമാർ സർക്കാരിന് ഞങ്ങളുടെ പിന്തുണ നൽകാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ സീമാഞ്ചൽ മേഖലയ്ക്ക് നീതി ലഭിക്കണം. എത്രനാൾ എല്ലാ കാര്യങ്ങളും പട്‌നയിലും രാജ്ഗീറിലും കേന്ദ്രീകരിക്കും? നദീതീരത്തെ മണ്ണൊലിപ്പ്, വൻതോതിലുള്ള കുടിയേറ്റം, വ്യാപകമായ അഴിമതി എന്നിവയാൽ സീമാഞ്ചൽ കഷ്ടപ്പെടുകയാണ്. ഈ വിഷയങ്ങളിൽ സർക്കാർ ശ്രദ്ധിക്കണം."-അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ബീഹാറിൻ്റെ വടക്കുകിഴക്കൻ മേഖലയായ സീമാഞ്ചൽ മുസ്ലീം ഭൂരിപക്ഷ മേഖലയാണ്. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സീമാഞ്ചലിലെ 24 മണ്ഡലങ്ങളിൽ 14 എണ്ണവും ഇത്തവണ എൻഡിഎ തൂത്തുവാരിയെങ്കിലും, 2020ലെ തെരഞ്ഞെടുപ്പിന് സമാനമായി സീമാഞ്ചലിലെ അഞ്ച് സീറ്റുകൾ ഒവൈസിയുടെ പാർട്ടിയാണ് നേടിയത്. എന്നാൽ കഴിഞ്ഞതവണ വിജയിച്ച നാല് എംഎൽഎമാർ കൂറുമാറി ആർജെഡിയിൽ ചേർന്നിരുന്നു.
advertisement
ഇത്തവണ തങ്ങളുടെ അഞ്ച് എംഎൽഎമാരും ആഴ്ചയിൽ രണ്ട് ദിവസം മണ്ഡലത്തിലെ ഓഫീസിലുണ്ടാവുമെന്നും അവർ അവരുടെ ചിത്രങ്ങളും വാട്‌സ്ആപ്പ് ലൊക്കേഷനും തനിക്ക് അയച്ചു നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ഒവൈസി വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഓരോ ആറ് മാസത്തിലും താൻ ബീഹാർ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
