നിയമലംഘനം നടത്തിയവര്‍ക്കെതിരെ സംസ്ഥാനം നടപടികളെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തവരെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ പ്രതി ചേര്‍ത്ത് കേസെടുക്കും. 14 നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച കേസ് ശൈശവ വിവാഹ നിരോധന നിയമം 2006ന്റെ പരിധിയില്‍ ഉള്‍പ്പെടും.
advertisement
ഇത്തരം വിവാഹങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കും. വിവാഹം കഴിക്കുന്ന പുരുഷന്റെ പ്രായം 14 വയസിന് താഴെയാണെങ്കില്‍ അവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് പറഞ്ഞയയ്ക്കും. പ്രായപൂര്‍ത്തിയാകാത്തവരെ കോടതിയിലെത്തിച്ച് വിചാരണ നടത്താന്‍ കഴിയില്ല. മാതൃമരണനിരക്കും ശിശുമരണനിരക്കും അസമില്‍ കൂടിവരികയാണ്.
ശൈശവ വിവാഹം തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അസമില്‍ നടക്കുന്ന ശരാശരി 31 ശതമാനം വിവാഹങ്ങളിലും പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അസമില്‍ ന്യൂനപക്ഷം തിങ്ങിപ്പാര്‍ക്കുന്ന ധൂബ്രി, ബര്‍പേട്ട, നഗോണ്‍, എന്നീ മേഖലകളിലാണ് ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍.
Also read- കാണാതാകുന്ന വയോജനങ്ങളെ കണ്ടെത്താൻ ‘വള അടയാളം’; പുത്തൻ മാർഗവുമായി ചെന്നൈ പോലീസ്
ധേമാജി, മാജുലി, ശിവസാഗര്‍ എന്നീ പ്രദേശങ്ങളിലും ശൈശവ വിവാഹങ്ങള്‍ നടന്നുവരുന്നുണ്ട്. ”നേരത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍ മാത്രമാണ് ശൈശവ വിവാഹം നിലനില്‍ക്കുന്നത് എന്നാണ് പലരും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഭൂരിപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്ന ശിവസാഗര്‍ , ജോര്‍ഹത് ജില്ലകളിലും ശൈശവ വിവാഹം നടന്നുവരുന്നു. എന്തുകൊണ്ടാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കാലതാമസം കാണിച്ചത്,” എന്നണ് ഈ വിഷയത്തില്‍ എഐയുഡിഎഫ് എംഎല്‍എ റാഫികുല്‍ ഇസ്ലാം പ്രതികരിച്ചത്.
ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടക്കുന്ന സംസ്ഥാനതല പൊലീസ് നടപടി വിലയിരുത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പൊലീസ് ഡിജിപി ജിപി സിംഗിന്റെ യുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ശൈശവ വിവാഹത്തെ തുടച്ചുനീക്കാന്‍ ജനങ്ങള്‍ കൂടി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമിലെ ധൂബ്രിയിലാണ് ഏറ്റവുമധികം ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഏകദേശം 370 ശൈശവ വിവാഹങ്ങളാണ് ഇവിടെ മാത്രം നടന്നത്. ഹോജൈയില്‍ 255, ഉദല്‍ഗുരിയില്‍ 235, എന്നിങ്ങനെയാണ് കണക്ക്. ഹെലാകണ്ടി ജില്ലയിലെ ബാരക് താഴ് വരയില്‍ ഒരു ശൈശവ വിവാഹം മാത്രമാണ് രേഖപ്പെടുത്തിയത്.